വടകര: സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തനും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ചെയർമാനുമായിരുന്ന രമേശൻ പാലേരിക്ക് നാടിന്റെ കണ്ണീരണിഞ്ഞ യാത്രാമൊഴി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നാദാപുരം റോഡിലെ വസതിയിൽ ഭൗതികശരീരം സംസ്കരിച്ചു. ചൊവ്വാഴ്ച രാവിലെ 8.30-ന് കോയമ്പത്തൂരിലെ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തുടർന്ന് കോഴിക്കോട് യു.എൽ.സി.സി.എസ് സൈബർ പാർക്ക്, കോഴിക്കോട് ടൗൺഹാൾ, വടകര ടൗൺഹാൾ, നാദാപുരം റോഡിലെ യു.എൽ.സി.സി.എസ് ആസ്ഥാനം എന്നിവിടങ്ങളിലെ പൊതുദർശനത്തിന് ശേഷമാണ് ഭൗതികശരീരം രാത്രി വൈകി വീട്ടിലെത്തിച്ചത്.
ബുധനാഴ്ച പുലർച്ചെ മുതൽ സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത്. യു.എൽ.സി.സി.എസ് ജീവനക്കാർ, ജനപ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർ, വിവിധ വകുപ്പ് മേധാവികൾ, സഹകാരികൾ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. സംസ്കാരച്ചടങ്ങുകൾക്കായി എത്തിയവർക്ക് പ്രത്യേക പാർക്കിങ് സൗകര്യം ഒരുക്കാൻ ചോമ്പാൽ പോലീസും യു എൽ സി സി എസ് ജീവനക്കാരുമുണ്ടായിരുന്നു.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, തോമസ് ഐസക്, എ.കെ. ബാലൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, എം.എൽ.എമാരായ കെ.കെ. രമ, പാറക്കൽ അബ്ദുള്ള, സിനിമാ നടി രേവതി, പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ, പി. സതീദേവി, മനയത്ത് ചന്ദ്രൻ , എം മഹബൂബ്, എൻ വേണു , സത്യൻമൊകേരി, എം കെ ഭാസ്ക്കരൻ , ഐ മൂസ്സ, കെ .കെ ലതിക, പ്രദിപ് ചോമ്പാല , സി ഭാസ്ക്കരൻ , സുനിൽ മടപ്പള്ളി, വി.ടി മുരളി, പി.പി രാജൻ, പി.എം അശോകൻ , ആർ സത്യൻ, ടി.പി ബിനിഷ് , ആർ.ഗോപാലൻ, പി.ഗവാസ്, തുടങ്ങിയ നിരവധി പേർ ആദരാഞ്ലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
സംസ്കാര ചടങ്ങുകൾക്ക് ശേഷം യു.എൽ.സി.സി ഹാളിൽ നടന്ന സർവ്വകക്ഷി അനുശോചന യോഗത്തിൽ കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. ടി.പി. രാമകൃഷ്ണൻ, പി. മോഹനൻ മാസ്റ്റർ, പി. സതീദേവി, മനയത്ത് ചന്ദ്രൻ, കോട്ടയിൽ രാധാകൃഷ്ണൻ, എൻ. വേണു, സത്യൻ മൊകേരി, അഡ്വ. കെ. ദിലീപ് കുമാർ, പി.പി. ജാഫർ, കെ.എം. സത്യൻ തുടങ്ങിയവർ സംസാരിച്ചു.
