കൊല്ലം: സഹപ്രവർത്തകയായ പൊലീസുകാരിക്ക് നേരെയുള്ള അതിക്രമത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിന് സി.സി.പി.ഒ നവാസിനെതിരെ ചവറ പൊലീസ് ആണ് കേസെടുത്തത്.
നവംബർ ആറിന് പുലർച്ചെ രണ്ടുമണിയോടെയാണ് നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം. വിശ്രമമുറിയിൽ പോയ പൊലീസുകാരിക്ക് നേരെയാണ് ഡെപ്യൂട്ടേഷനിൽ എത്തിയ പൊലീസുകാരന്റെ അതിക്രമം.
പാറാവ് ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാരി വിശ്രമമുറിയിലേക്ക് പോവുകയായിരുന്നു. ഈ സമയത്ത് പുരുഷന്മാരുടെ വിശ്രമമുറിക്ക് സമീപത്ത് നിന്ന് സി.പി.ഒ വനിത പൊലീസുകാരിയോട് അപമര്യാദയോടെ പെരുമാറുകയായിരുന്നു. ലൈംഗികച്ചുവയോടെ സംസാരിക്കുകയും ലൈംഗിക താൽപര്യത്തോടെ അതിക്രമം നടക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.
ഇതിന് പിന്നാലെ സിറ്റി പൊലീസ് കമീഷണർക്ക് പൊലീസുകാരി പരാതി നൽകി. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സി.സി.പി.ഒക്കെതിരെ വകുപ്പുതല നടപടികളും സ്വീകരിക്കും.
