സാമ്പത്തിക ചൂഷണങ്ങള്‍ക്കെതിരെ സ്ത്രീകള്‍ ജാഗ്രത പുലര്‍ത്തണം: വനിതാ കമ്മിഷന്‍

news image
Mar 14, 2024, 11:34 am GMT+0000 payyolionline.in

 

കൊച്ചി: വര്‍ധിച്ചു വരുന്ന സാമ്പത്തിക ചൂഷണങ്ങള്‍ക്കെതിരെ സ്ത്രീകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേരള വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി എന്നിവര്‍ പറഞ്ഞു. എറണാകുളം ജില്ല പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടത്തിയ ജില്ല തല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗങ്ങള്‍. വായ്പ, തൊഴില്‍ എന്നിവ ലഭ്യമാക്കാമെന്നും വസ്തുവകള്‍ വിറ്റുനല്‍കാമെന്നുമുള്ള വ്യാജേന സ്ത്രീകളെ ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ ജില്ലയില്‍ വര്‍ധിച്ചു വരുന്നതായി കമ്മിഷന്‍ വിലയിരുത്തി.

സ്ത്രീധനത്തിനെതിരേ ശക്തമായ നടപടികളാണ് കമ്മിഷന്‍ സ്വീകരിക്കുന്നത്. സ്ത്രീധന നിരോധന നിയമത്തില്‍ കാലാനുസൃതമായി വരുത്തേണ്ട മാറ്റങ്ങള്‍ സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് വിദ്യാര്‍ഥികള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും നിരന്തരമായ ബോധവത്കരണവും നടത്തുന്നുണ്ട്.

മരിച്ചു പോയ ഭര്‍ത്താവിന്റെ സ്വത്തിന്റെ അര്‍ഹമായ വിഹിതം ബധിരയും മൂകയുമായ ഭാര്യയ്ക്ക് കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി അദാലത്തില്‍ പരിഗണിച്ചു. ഈ കേസില്‍, മരിച്ചു പോയ ഭര്‍ത്താവി​െൻറ അമ്മയും സഹോദരങ്ങളും സഹകരിച്ച് സ്വത്തിനു പകരം പണം നല്‍കി പ്രശ്‌നം പരിഹരിച്ചു.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിരക്ഷ ലഭ്യമാക്കുന്നതിന് പോഷ് ആക്ട് അനുസരിച്ചുള്ള ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കണം. പല സ്ഥാപനങ്ങളിലും ഇത്തരം കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടുകയോ നിയമാനുസൃതമായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ലായെന്നും വനിതാ കമ്മിഷന്‍ അംഗങ്ങള്‍ പറഞ്ഞു.

നിയമപരമായി വിവാഹ മോചനം നേടാതെ വീണ്ടും വിവാഹബന്ധത്തില്‍ ഏര്‍പ്പെടുക, സ്ത്രീകളെ വിദേശ രാജ്യങ്ങളിലെത്തിച്ച് ഗാര്‍ഹിക പീഡനത്തിനിരയാക്കുക, അയല്‍വാസികള്‍ തമ്മിലുള്ള വഴിത്തര്‍ക്കങ്ങള്‍, വസ്തു തര്‍ക്കങ്ങള്‍, തൊഴിലിടങ്ങളിലെ പീഡനം, സ്ത്രീധന പീഡനം, ഭിന്നശേഷി പെണ്‍കുട്ടിക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മിഷനു മുമ്പില്‍ എത്തിയത്.

എറണാകുളം ജില്ലാതല അദാലത്തില്‍ 27 പരാതികള്‍ തീര്‍പ്പാക്കി. അഞ്ച് പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു. ശേഷിക്കുന്ന 83 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ആകെ 115 കേസുകളാണ് പരിഗണിച്ചത്. വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, കൗണ്‍സിലര്‍ ടി.എം. പ്രമോദ്, പി.വി. അന്ന, പാനല്‍ അഭിഭാഷകരായ അഡ്വ. വി.എ. അമ്പിളി, അഡ്വ. സ്മിത ഗോപി, കെ.ബി. രാജേഷ് എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe