ഗ്യാങ്ടോക്ക് : വനിതാ ജീവനക്കാർക്ക് ആർത്തവാവധി അനുവദിച്ച് സിക്കിം ഹൈക്കോടതി. രജിസ്ട്രിയിലെ വനിതാ ജീവനക്കാർക്ക് രണ്ടോ മൂന്നോ ദിവസത്തെ അവധി ഇതുപ്രകാരം എടുക്കാമെന്ന് ഈ മാസം 27ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് അറിയിച്ചത്. മെഡിക്കൽ ഓഫീസറുടെ ശുപാർശയിൽ മാത്രമേ അവധി അനുവദിക്കൂവെന്നും ജീവനക്കാരുടെ മൊത്തം അവധികളിൽ ഇത് ഉൾപ്പെടില്ലെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതിയായ സിക്കിം ഹൈക്കോടതിയിൽ മൂന്ന് ജഡ്ജിമാരും രജിസ്ട്രിയിൽ ഒരു വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെ ഒമ്പത് ഉദ്യോഗസ്ഥരുമാണുള്ളത്. കഴിഞ്ഞ ഡിസംബറിൽ ആർത്തവാവധി ആവശ്യം വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി തള്ളിയിരുന്നു. ആർത്തവം വൈകല്യമല്ലെന്നും അവധി നൽകുന്നത് തുല്യതയെ ബാധിക്കുമെന്നുമായിരുന്നു സ്മൃതിയുടെ പ്രതികരണം.