തിരുവനന്തപുരം: പൂക്കോട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ നടത്തു്നന അനിശ്ചിതകാല നിരാഹാരസമരം രണ്ടാം ദിവസത്തിലേക്ക്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ എന്നിവരാണ് സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്നത്.
സിദ്ധാർഥന്റെ അമ്മക്ക് വേണ്ടിയും കേരളത്തിലെ കോടിക്കണക്കിന് അമ്മമാർക്ക് വേണ്ടിയുമാണ് സമരമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
കൊലയ്ക്ക് കൂട്ടുനിന്ന ഡീന്‍ ഉള്‍പ്പെടെ അധ്യാപകരെ സര്‍വിസില്‍ നിന്ന് പുറത്താക്കി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം സെക്രട്ടേറിയറ്റിനു മുന്നില്‍ ഒതുങ്ങില്ല. പിണറായി വിജയന്റെ ഓഫിസില്‍ ഇരിക്കുന്ന ഉപജാപകസംഘം നയിക്കുന്ന പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല. കേസ് സി.ബി.ഐക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.എമ്മിന്റെയും പൊലീസിന്റെയും അറിവോടെയാണ് പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കളെ നിരാഹാരം കിടത്താന്‍ വിട്ടിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടില്‍ കയറി ഇരിക്കുമെന്ന് മുഖ്യമന്ത്രി കരുതേണ്ട. സമരം കേരളം മുഴുവന്‍ ആളിപ്പടരുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്.