കോഴിക്കോട്: സിനിമയിൽ അഭിനയിക്കാൻ അവസരവും നിർമാണപങ്കാളിത്തവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ നടക്കാവ് പോലീസ് കേസെടുത്തു. ദുബായിൽ താമസിക്കുന്ന ഇരുപത്തിയാറുകാരിയായ ശ്രീലങ്കൻ പൗരയുടെ പരാതിയിലാണ് നടക്കാവ് സ്വദേശിക്കെതിരെ പോലീസ് നടപടിയെടുത്തത്.
പ്രൈഡെക് പ്രൊഡക്ഷൻസ് (പി.കെ. സ്റ്റോറീസ്) എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ഉടമയാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതി യുവതിയെ വിശ്വസിപ്പിച്ചത്. താൻ നിർമാണവും സംവിധാനവും നിർവഹിക്കുന്ന ‘ബോംബെ സലൂൺ’ എന്ന സിനിമയുടെ നിർമാണപങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പലപ്പോഴായി 7.63 ലക്ഷം രൂപ ഇയാൾ കൈക്കലാക്കുകയായിരുന്നു.
എന്നാൽ പണം കൈപ്പറ്റിയ ശേഷം സിനിമയിൽ നിർമാണപങ്കാളിയാക്കുകയോ, അഭിനയിക്കാൻ അവസരം നൽകുകയോ ചെയ്തില്ലെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
