തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ‘ഡീൽ’ ഉണ്ടെന്ന കോൺഗ്രസ് ആരോപണം തള്ളി എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. സിപിഎമ്മിന്റെ അഴിമതികൾ നിരന്തരം തുറന്നുകാട്ടുന്ന ബിജെപിക്ക് അവരുമായി എങ്ങനെ ധാരണയുണ്ടാക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു. യഥാർത്ഥ ഡീൽ നടക്കുന്നത് കോൺഗ്രസും മുസ്ലിം ലീഗും തമ്മിലാണെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രിസ്ഥാനങ്ങളും നൽകുമെന്ന് രഹസ്യ ധാരണയുണ്ടോ എന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. കോൺഗ്രസിനെ റിമോട്ട് കൺട്രോൾ ചെയ്യുന്നത് ലീഗാണെന്നും ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുമായി കോൺഗ്രസിനും ലീഗിനും എന്താണ് ബന്ധമെന്ന് അവർ വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള ‘ഇൻഡി’ സഖ്യമാണ് യഥാർത്ഥ ഡീലെന്ന് അദ്ദേഹം പരിഹസിച്ചു. ശബരിമല വിഷയത്തിലടക്കം സിപിഎമ്മിന്റെ നിലപാടുകളെ എതിർത്തത് ബിജെപി മാത്രമാണ്. ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ എഫ്സിആർഎ (FCRA) വിഷയത്തിൽ ഭീതി പരത്താൻ നടന്ന ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും വോട്ടർമാർ വസ്തുതകൾ തിരിച്ചറിയുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
