സിബിഎസ്ഇ 10, 12 പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

news image
Nov 7, 2026, 2:05 am GMT+0000 payyolionline.in

ദില്ലി: സിബിഎസ്ഇ 10, 12 ക്ലാസുകളുടെ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2027 ഫെബ്രുവരി 16 മുതൽ പരീക്ഷ ആരംഭിക്കും. ഫെബ്രുവരി 16ന് ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷ മാർച്ച് ഒമ്പതിന് പൂർത്തിയാകും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ ഒമ്പത് വരെ നീളും. നേരത്തെ, 10, 12 ക്ലാസുകളുടെ പ്രാക്ടിക്കൽ പരീക്ഷാ തീയതികളും സിബിഎസ്ഇ പ്രഖ്യാപിച്ചിരുന്നു. ജനുവരി ഒന്നുമുതൽ ഫെബ്രുവരി 13 വരെ പ്രാക്ടിക്കൽ പരീക്ഷ നടക്കും. ശൈത്യകാലം രൂക്ഷമായ പ്രദേശങ്ങളിലെ സ്കൂളുകളിൽ 2026 നവംബർ ഒമ്പതുമുതൽ ഡിസംബർ 19 വരെ പ്രാക്ടിക്കൽ പരീക്ഷ നടക്കും.

പത്താം ക്ലാസ് പരീക്ഷയ്ക്കായി 26.5 ലക്ഷത്തിലധികം വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കായി 19.8 ലക്ഷത്തിലധികം വിദ്യാർത്ഥികളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാവിലെ 10:30നാണ് 10, 12 ക്ലാസുകളുടെ പരീക്ഷകൾ ആരംഭിക്കുക. പത്താം ക്ലാസ് പരീക്ഷയുടെ ആദ്യ ദിനമായ 16ന് പെയ്ൻ്റിങ് ആണ് വിഷയം. 17ന് മാത്തമാറ്റിക്സ് പരീക്ഷ നടക്കും. പ്രധാന വിഷയങ്ങളായ സയൻസ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് എന്നിവയുടെ പരീക്ഷകൾ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടക്കും.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ആദ്യ ദിനമായ 16ന് ഫിസിക്സ് ആണ് വിഷയം. മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, എക്കണോമിക്സ്, ബയോളജി, ബിസിനസ് സ്റ്റഡീസ് തുടങ്ങിയ പ്രധാന വിഷയങ്ങളുടെ പരീക്ഷ മാർച്ച്, ഏപ്രിൽ മാസങ്ങളിലായി നടക്കും. അതേസമയം പരീക്ഷാ തീയതി  പ്രഖ്യാപിച്ചതോടെ 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മുമ്പിൽ ഇനി തയ്യാറെടുക്കാൻ 101 ദിവസങ്ങൾ മാത്രമാണ് ഉള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe