സീനിയർ ക്ലർക്ക് ആശാലതയുടെ മരണം: എഡിഎമ്മിന്റെ അന്വേഷണ റിപ്പോർട്ട് തള്ളി കുടുംബം

news image
Aug 31, 2026, 3:45 pm GMT+0000 payyolionline.in

കാസർകോട്: കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലത ജീവനൊടുക്കിയ സംഭവത്തിൽ എഡിഎം സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തള്ളി കുടുംബം. ജോലിസ്ഥലത്തെ കടുത്ത മാനസികസമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആശാലതയുടെ സഹോദരൻ നിജിത്തും ഭർത്താവ് അജയനും വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഫീസിൽ ഒറ്റപ്പെട്ടതായി ആശാലത മരിക്കുന്നതിന് മുൻപ് പറഞ്ഞിരുന്നതായും ഭർത്താവ് ആരോപിച്ചു. എന്നാൽ സ്ഥലംമാറ്റമോ ഓഫീസിലെ സമ്മർദ്ദമോ അല്ല ആത്മഹത്യയ്ക്ക് കാരണമെന്നാണ് എഡിഎമ്മിന്റെ റിപ്പോർട്ടിലെ കണ്ടെത്തൽ.

​റവന്യൂ വകുപ്പിൽ നിന്ന് എൻഡോസൾഫാൻ സെല്ലിലേക്ക് നടത്തിയ രാഷ്ട്രീയപ്രേരിതമായ സ്ഥലംമാറ്റം വലിയ മാനസിക പ്രയാസമുണ്ടാക്കിയതായി കുടുംബം മുൻപും ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ശക്തമായ വിമർശനം ഉന്നയിച്ചതിനെത്തുടർന്നാണ് ജില്ലാ കളക്ടർ എഡിഎമ്മിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.

​എന്നാൽ, കളക്ടർക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഉദ്യോഗസ്ഥരെ വെള്ളപൂശുകയാണെന്നും വ്യക്തിപരമായ കാരണങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന കണ്ടെത്തൽ അംഗീകരിക്കാൻ കഴിയില്ലെന്നും കുടുംബം വ്യക്തമാക്കി. ആശാലത ആശുപത്രിയിൽ കഴിയവെ പോലീസ് രേഖപ്പെടുത്തിയ മരണമൊഴിയിലും ഓഫീസിലെ ഒറ്റപ്പെടലിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe