കൊട്ടിയം: ദേശീയപാത നിർമാണം സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയാണ് നടത്തുന്നതെന്ന ആരോപണം ശക്തമാകവേ അപകടങ്ങൾ പെരുകുന്നു. തിങ്കളാഴ്ച പുലർച്ച മേവറത്ത് സമീപ റോഡിൽനിന്ന് സർവിസ് റോഡിലേക്ക് ഇറങ്ങിയ കാർ നിർമാണപ്രവർത്തത്തിനായി എടുത്ത കുഴിയിൽ പതിച്ചു. കാർ യാത്രികർ പരിക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാതക്കായി ആഴത്തിൽ കുഴിയെടുത്ത ഭാഗത്ത് സൈൻ ബോർഡുകൾ സ്ഥാപിക്കുകയോ ഡിവൈഡർ വെക്കുകയോ ചെയ്തിരുന്നില്ല.
മണ്ണാണികുളം ഭാഗത്ത്നിന്ന് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. 15 അടിയിലധികം താഴ്ചയുള്ള കുഴിയിൽ കാർ വീണത് ആരും കണ്ടില്ല. അതുവഴിവന്ന നാട്ടുകാരാണ് കാർ കുഴിയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ റോഡ് നിർമാണം നടത്താവൂവെന്ന് ലീഗൽ സർവിസ് അതോറിറ്റിയുടെ ഉത്തരവുണ്ടായിട്ടും അതൊക്കെ അവഗണിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
