റിയാദ് : ഹജ്ജ് തീർത്ഥാടനത്തിന് എത്തുമ്പോൾ തീർത്ഥാടകർ കുട്ടികളെ കൊണ്ടുവരുന്നത് സൗദി അറേബ്യ വിലക്കി. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റേതാണ് തീരുമാനം. തിക്കിലും തിരക്കിലും പെട്ട് കുട്ടികൾക്ക് അപകടം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. മുൻപ് ഹജ്ജ് നിർവഹിച്ചിട്ടില്ലാത്തവർക്കാണ് ഇത്തവണ മുൻഗണനയെന്നും മന്ത്രാലയം എടുത്തുപറഞ്ഞു.
ഈ വർഷത്തെ ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. സൗദിയിലെ പൗരന്മാർക്കും വിദേശികൾക്കും ‘നുസ്ക്’ ആപ്ലിക്കേഷൻ വഴിയോ ഇലക്ട്രോണിക് പോർട്ടൽ വഴിയോ ഹജ്ജിന് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ ആരോഗ്യസ്ഥിതി, കൂടെയുള്ളവർ എന്നിവ സംബന്ധിച്ച വിവരങ്ങൾ പൂർണമായും രേഖപ്പെടുത്തിയിരിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാൽ പാക്കേജുകൾ ലഭ്യമായാലുടൻ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവരെ വിവരം അറിയിക്കും. ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്ക് ഹജ്ജ് പാക്കേജിനായുള്ള തുക മൂന്ന് ഘട്ടങ്ങളായി അടക്കാൻ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആദ്യത്തെ പേയ്മെന്റിൽ പാക്കേജിന്റെ 20 ശതമാനം തുക അടക്കണം. ഇത് പാക്കേജ് ബുക്ക് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ അടച്ചാൽ മതിയാകും. പിന്നീട് 40 ശതമാനം വീതം രണ്ടും മൂന്നും ഘട്ടങ്ങളായി റമദാൻ 20നും ശവ്വാൽ 20നും അടച്ചാൽ മതിയാകും. തുക മുഴുവനായും അടച്ച് തീർന്നാൽ മാത്രമേ ബുക്കിങ് ഉറപ്പാകൂ എന്നും മന്ത്രാലയം വ്യക്തമാക്കി.