കോഴിക്കോട്: സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രിയാകുന്നതിന് മുമ്പുണ്ടായിരുന്ന ഗമ ഇപ്പോൾ തൃശൂരിലില്ലെന്ന് ബി.ജെ.പി നേതാവ് പി.സി ജോർജ്. ഒരു നിവേദനം കൊടുത്താൽ അത് ജില്ലാ പ്രസിഡന്‍റിന് കൊടുക്ക്, പഞ്ചായത്ത് പ്രസിഡന്‍റിന് കൊടുക്ക് എന്നൊക്കേ പറയും. ഇത് മനുഷ്യന് ഇഷ്ടപ്പെടില്ലെന്നും കേരളത്തിന്‍റെ സംസ്കാരം അതല്ലെന്നും പി.സി ജോർജ് പറഞ്ഞു.
നിവേദനം നേരിട്ട് വാങ്ങിച്ചാൽ സുരേഷ് നല്ലവനാണെന്ന് പറയും. സിനിമയിലെ ആക്ഷൻ ഹീറോ ആയതിന്‍റെ കുഴപ്പമാണ്. ആളുകൾക്ക് ഇഷ്ടക്കേടുണ്ടെന്നും ഇക്കാര്യം താൻ പറഞ്ഞിട്ടുണ്ടെന്നും പി.സി ജോർജ് പറഞ്ഞു.
എൽ.ഡി.എഫും യു.ഡി.എഫും മാധ്യമങ്ങൾക്കെതിരായത് കൊണ്ടാണ് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സാധിക്കാത്തത്. അവസാനം മാധ്യമങ്ങൾക്ക് നേരെ സുരേന്ദ്രന് പൊട്ടിത്തെറിക്കേണ്ടി വന്നു. അടുത്ത തെരഞ്ഞെടുപ്പിൽ 32 സീറ്റ് ബി.ജെ.പി പിടിക്കും. 2029ൽ കേരളത്തിന്‍റെ മുഖ്യമന്ത്രി ഒരു ബി.ജെ.പിക്കാരനായിരിക്കുമെന്നും പി.സി ജോർജ് വ്യക്തമാക്കി.
സന്ദീപ് വാര്യർ പോയത് കൊണ്ട് ബി.ജെ.പി ഒരു ചുക്കുമില്ല. സന്ദീപിനെ പുറത്താക്കാൻ ഇരിക്കുകയായിരുന്നു. സന്ദീപിന് കുഴപ്പമുണ്ടെന്നും നടപടി വേണമെന്നും പാർട്ടിക്കുള്ളിൽ നേതൃത്വം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സന്ദീപ് പാർട്ടി വിടുന്ന സാഹചര്യം ഉണ്ടാകരുതായിരുന്നുവെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.