സുല്‍ത്താന്‍ ബത്തേരിയില്‍ കനത്ത വേനല്‍ച്ചൂട്, അതിജീവനത്തിനിടെ വയലില്‍ കാട്ടാനയുടെ പരാക്രമവും; നിസ്സഹായനായി കര്‍ഷകന്‍

news image
Apr 9, 2024, 10:19 am GMT+0000 payyolionline.in

സുല്‍ത്താന്‍ ബത്തേരി: 34 മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയ വേനല്‍ച്ചൂട്. വയനാട്ടില്‍ കൃഷിയെ ഉപജീവനമാക്കുന്നവരെയെല്ലാം അങ്ങേയറ്റത്തെ പ്രതിസന്ധിയിക്കെത്തിച്ചിരിക്കുകയാണ് പൊള്ളുന്ന വേനല്‍. ഇതിനിടെയാണ് ‘പാമ്പ് കടിച്ചവനെ ഇടിവെട്ടി’ എന്ന പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കുന്ന കര്‍ഷകരുടെ കദനക്കഥകള്‍ എത്തുന്നത്. നൂല്‍പ്പുഴ പഞ്ചായത്തിലെ കണ്ണങ്കോട് പാടശേഖരത്തിലാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചിരിക്കുന്നത്. 

പ്രദേശവാസിയായ ചോരംകൊല്ലി ഭാസ്‌കരന്റെ പുഞ്ച നെല്‍കൃഷിയാണ് ആന ചവിട്ടിമെതിച്ച് നശിപ്പിച്ചത്. കത്തിയാളുന്ന വേനലില്‍ പുഞ്ചകൃഷി സംരക്ഷിക്കാന്‍ ഭാസ്‌കരന്‍ അടക്കമുള്ള കര്‍ഷകര്‍ ഭഗീരഥ പ്രയത്നം നടത്തുന്നതിനിടയിലാണ് മൂപ്പ് എത്തുന്നതിന് മുമ്പ് നെല്‍ച്ചെടികള്‍ ആനയെത്തി നശിപ്പിച്ചത്. പാടത്തിറങ്ങിയ ആന നെല്‍ച്ചെടികള്‍ ഭക്ഷിച്ചതിന് ശേഷം ചവിട്ടിയും പിഴുതെറിഞ്ഞും നശിപ്പിച്ചത്. വെയിലിന്റെ കാഠിന്യത്താല്‍ പാടശേഖരത്തോട് ചേര്‍ന്ന് ഒഴുകുന്ന പുഴ വറ്റിയതോടെ വെള്ളം പമ്പ് ചെയ്യാന്‍ കര്‍ഷകര്‍ക്ക് ആവുന്നില്ല. ഇക്കാരണത്താല്‍ വയലുകള്‍ വ്യാപകമായി വിണ്ടു കീറികഴിഞ്ഞു. പലയിടങ്ങളിലും നെല്‍ച്ചെടികള്‍ കരിഞ്ഞും തുടങ്ങി. വരള്‍ച്ചയെ പ്രതിരോധിക്കാനും പാടത്തേക്ക് വെള്ളമെത്തിക്കാനും നെട്ടോട്ടമോടുന്നതിനിടയിലാണ് കാട്ടാന ഇറങ്ങിയതെന്ന് കര്‍ഷകര്‍ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe