സുൽത്താൻ ബത്തേരി മുൻ വില്ലേജ് ഓഫിസറുടെ പെൻഷനിൽ പ്രതിമാസം 1000 രൂപ കുറവ് ചെയ്യാൻ ഉത്തരവ്

news image
Aug 1, 2023, 11:16 am GMT+0000 payyolionline.in

കോഴിക്കോട്: വയനാട്, സുൽത്താൻ ബത്തേരി, കുപ്പാടി മുൻ വില്ലേജ് ഓഫിസർ എം.കെ രവീന്ദ്രന്റെ പെൻഷനിൽ പ്രതിമാസം 1,000 രൂപ ആജീവനാന്തം കുറവ് ചെയ്യാൻ റവന്യൂ വകുപ്പിന്റെ ഉത്തരവ്. 11 ഏക്കർ സർക്കാർ ഭൂമിക്ക് സ്വകാര്യ വ്യക്തിയുടെ പേരിൽ നികുതി സ്വീകരിക്കാൻ അനുമതി നൽകിയതിനാണ് നടപടി. കുപ്പാടി വില്ലേജിൽ ബ്ലോക്ക് നമ്പർ 17-ൽ ഉൾപ്പെട്ട പതിനൊന്ന് ഏക്കർ സർക്കാർ ഭൂമിക്ക് നികുതി സ്വീകരിച്ചതായി ലാൻഡ് റവന്യൂ കമീഷണർക്ക് പരാതി ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഉത്തര മേഖല വിജിലൻസ് ഡെപ്യൂട്ടി കലക്ടർ അന്വേഷണം നടത്തിയത്. വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ വില്ലേജ് ഓഫിസറുടെ ഭാഗത്ത് നിന്ന വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി.

എ.കെ. രവീന്ദ്രൻ കുപ്പാടി വില്ലേജ് ഓഫീസറായിരുന്നപ്പോൾ പൈലി എന്ന വ്യക്തിയുടെ മകൾ എന്നവകാശപ്പെടുന്ന ചിന്നമ്മ പീറ്റർ സമർപ്പിച്ച അപേക്ഷയോടൊപ്പം നൽകിയ പട്ടയത്തിന്റെ ആധികാരികത പരിശോധിക്കാതെയാണ് നികുതി അടക്കുന്നതിന് അനുമതി നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയിൽ കൂടുതൽ പട്ടയം ലഭിച്ചത് സംബന്ധിച്ചും അന്വേഷണം നടത്തിയില്ല. അപേക്ഷയിലെ സർവേ നമ്പർ അനുസരിച്ചും സർക്കാർ രേഖകൾ പ്രകാരവും സർക്കാർ ഭൂമിയായി രേഖപ്പെടുത്തിയിരുന്നത് പരിശോധന നടത്തിയില്ല. മരിച്ച ടി.സി പൈലിയുടെ മരണ സർട്ടിഫിക്കറ്റോ അവകാശ സർട്ടിഫിക്കറ്റോ പരിശോധിച്ചില്ലെന്നും പരിശോധനയിൽ കണ്ടെത്തി.

റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് എം.കെ രവീന്ദ്രൻ നൽകിയ മറുപടിയും തൃപ്തികരമായിരുന്നില്ല. വില്ലേജിലെ അടിസ്ഥാന നികുതി രജിസ്റ്ററിൽ ഈ ഭൂമി ‘സർക്കാർ’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അങ്ങനെ പരാമർശമുള്ള ഭൂമി സ്വകാര്യ വ്യക്തിയുടെ പേരിലേക്ക് ഇനം മാറ്റി നൽകുന്നതിനുള്ള ശിപാർശയാണ് വില്ലേജ് ഓഫിസർ സമർപ്പിച്ചത്. ഭൂമി സംബന്ധിച്ച് നടത്തേണ്ട പരിശോധനകളൊന്നും വില്ലേജ് ഓഫീസർ കൃത്യമായി നടത്തിയിരുന്നില്ല. ഭൂമി സർക്കാർ ഭൂമിയല്ല എന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫിസർ റിപ്പോർട്ട് തയാറാക്കി അഡീഷണൽ തഹസിൽദാർക്ക് സമർപ്പിച്ചു. ദീർഘകാലമായി നികുതി ഒടുക്കാതിരുന്ന ഭൂമിക്ക് കുടിശ്ശിക ഉൾപ്പെടെ നികുതി സ്വീകരിക്കണമെന്ന നിർദേശം വില്ലേജ് അസിസ്റ്റന്റിന് നൽകുകയോ, കുടിശ്ശിക ഈടാക്കിയിട്ടില്ല എന്ന വിവരം നാൾവഴി പരിശോധിക്കുന്ന അവസരത്തിൽ ശ്രദ്ധിക്കുകയോ ചെയ്തിട്ടില്ല.

ചിന്നമ്മ പീറ്ററിന്റെ അപേക്ഷയിൽ തുടർനടപടികൾ സ്വീകരിച്ചതിൽ കുപ്പാടി വില്ലേജ് ഓഫീസറായിരുന്ന എം.കെ.രവീന്ദ്രന്റെ ഭാഗത്തു ഗുരുതരമായ വീഴ്ചകൾ വന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടി തുടരുന്നതിന് തീരുമാനിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe