ഇന്ന് പലരുടെയും ദൈനംദിനജീവിതത്തിന്റെ തന്നെ ഭാഗമായി സ്മാർട്ട് ഫോണുകള്‍ മാറിയിരിക്കുന്നു. ഒരു മിനിറ്റ് പോലും സ്മാർട്ട് ഫോണുകള്‍ ഇല്ലാതെ കഴിച്ചുകൂട്ടാൻ കഴിയാത്ത സ്ഥിതിയിലേക്ക് പലരും മാറി. മൊബൈൽ സ്ക്രീനിൽ കണ്ണുംനട്ട് ദിവസം മുഴുവൻ ഇരിക്കാനാണ് പലർക്കും താത്പര്യം. ഇങ്ങനെയുള്ളവർ കേട്ടിരിക്കേണ്ട വാക്കാണ് ഡൂം സ്ക്രോളിങ്.
മൊബൈല്‍ ഫോണുകളോടുള്ള അതിരുകടന്ന ആസക്തിയിൽ ദിവസം മുഴുവൻ ഫോണും സ്ക്രോള്‍ ചെയ്തിരിക്കുന്ന അവസ്ഥയെ പരയുന്ന വാക്കാണ് ഡൂം സ്ക്രോളിങ്. ആവശ്യമില്ലാത്തതും നെഗറ്റീവ് വാർത്തകളിലും അധിക സമയം കണ്ണും നട്ടിരിക്കുന്നതും ഡൂം സ്ക്രോളിങ് അഡിക്ഷന്റെ ഭാഗമാണ്. ഓരോ അഞ്ച് മിനിറ്റിലും ഫോൺ പരിശോധിക്കാൻ നിങ്ങൾ താത്പര്യപ്പെടുന്നുണ്ടോ? ആവശ്യമില്ലെങ്കിൽ പോലും സോഷ്യൽമീഡിയയിൽ സമയം ചെലവഴിക്കാനാണോ നിങ്ങളുടെ ആഗ്രഹം? എന്നാൽ സൂക്ഷിച്ചോളൂ, നിങ്ങള്‍ക്കും ഡൂം സ്ക്രോളിങ് അഡിക്ഷനാകാം.
ഇന്ന് ഇതൊരു സ്വാഭാവിക പ്രക്രിയയായി മാറി എന്നതാണ് അത്ഭുതം. ചില പഠനങ്ങള്‍ പറയുന്നത് കോവിഡിന് ശേഷമാണ് പലരിലും ഡൂം സ്ക്രോളിങ് പ്രകടമായി വരുന്നത് എന്നാണ്. ഇത് ഒരു നിസാര കാര്യമല്ല. ഇതുമൂലം മാനസിക, ശാരീരിക ആരോഗ്യത്തിനും ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയുണ്ട്. ഉത്കണ്ഠ, വിഷാദം, പരിഭ്രാന്തി, ഒസിഡി എന്നിവയിലേക്കും പതിയെ ഈ ശീലം നിങ്ങളെ നയിക്കും.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഡൂം സ്ക്രോളിങ് അഡിക്ഷനിൽ നിന്നും മോചനം നേടാനാകും. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഉറങ്ങാൻ പോകുന്നതിന് മുൻപ് ഫോൺ വേണ്ട
ഉറങ്ങുന്നതിന് മുൻപ് ഫോൺ ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കുക. കൃത്യമായി ഉറങ്ങേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. കിടക്കയിലേക്ക് തന്നെ ഫോൺ കൊണ്ടുപോകാതിരക്കുക.
പുതിയ ശീലങ്ങള്‍ നോക്കാം
വെരുതെയിരിക്കുമ്പോള് ഫോൺ നോക്കിയിരിക്കാനാണ് പലർക്കും താത്പര്യം. എന്നാൽ ഈ ശീലമൊന്നു മാറ്റി നോക്കാം. പുതിയ സ്ഥലങ്ങൾ കാണുകയോ പുതിയ ആളുകളെ പരിചയപ്പെടുകയോ ചെയ്യാം. ലൈബ്രറി സന്ദർശിക്കുന്നതും വായനാശീലം തുടങ്ങുന്നതും നല്ലതാണ്. ഡയറി എഴുതുന്നതും സ്ക്രീൻ ടൈം കുറച്ച് നിങ്ങളെ കൂടുതൽ പ്രൊഡക്റ്റീവ് ആക്കാൻ സഹായിക്കും.
ഫോണിലും വരുത്താം മാറ്റം
ഫോണിന്റെ ഡിസ്പ്ലേ ഗ്രേ കളർ തീമിൽ ആക്കുന്നത് ഫോണിനോടുള്ള ആകർഷണം കുറയ്ക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഓരോ ഉപയോഗത്തിന് ശേഷവും എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്നും ലോഗ് ഔട്ട് ചെയ്യാൻ ശ്രദ്ധിക്കുക. ഹോം സ്ക്രീനിൽ നിന്ന് ഇത്തരം ആപ്പുകള്‍ മാറ്റി ഇടുന്നതും ആസക്തി കുറയ്ക്കും.
കണ്ണുതുറക്കുമ്പോള്‍ തന്നെ ഫോൺ വേണ്ട
രാവിലെ ഉറക്കം ഉണർന്ന ഉടനെ ഫോൺ നോക്കുന്ന ശീലം ഒഴിവാക്കാം. ഫോൺ ഉപയോഗത്തിന് സ്വയം അതിരുകൾ നിശ്ചയിക്കേണ്ടത് പ്രധാനമാണ്. കിടപ്പുമുറി, ബാത്ത്റൂം എന്നിവിടങ്ങളിൽ ഫോൺ വേണ്ടെന്ന് തീരുമാനിക്കുക. ഭക്ഷണം കഴിക്കുമ്പോഴും ഫോൺ നോക്കരുത്.
