ആലപ്പുഴ: പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറി ശവക്കല്ലറകൾക്ക് മുകളിലിരുന്ന് ലഹരി ഉപയോഗിക്കുകയും വിവാദമായ രീതിയിൽ റീൽസ് ചിത്രീകരിക്കുകയും ചെയ്ത നാല് യുവാക്കൾക്കെതിരെ ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തു. ആലപ്പുഴ പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
സെമിത്തേരിയുടെ മതിൽ ചാടിക്കടന്നാണ് യുവാക്കൾ അകത്തെത്തിയത്. കല്ലറകൾക്ക് മുകളിലിരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിച്ച ശേഷം, കുരിശ് തലകീഴായി പിടിച്ചും കറുത്ത വസ്ത്രങ്ങൾ ധരിച്ചുമാണ് ഇവർ റീൽസ് ചിത്രീകരിച്ചത്. ഈ ദൃശ്യങ്ങൾ യുവാക്കൾ തന്നെ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചു. പള്ളിയിലെ സിസിടിവി ദൃശ്യങ്ങളും യുവാക്കൾ പങ്കുവെച്ച റീൽസും പരിശോധിച്ച പോലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പള്ളി കൈക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. മതവികാരം വ്രണപ്പെടുത്തിയതിനും അതിക്രമിച്ചു കയറിയതിനുമാണ് കേസെടുത്തിരിക്കുന്നത്. യുവാക്കൾ ഉപയോഗിച്ചത് മാരക ലഹരിമരുന്നുകളാണോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം ഊർജിതമാക്കി. ലഹരി മാഫിയയും സോഷ്യൽ മീഡിയാ തരംഗങ്ങളും യുവാക്കളെ ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നതിൽ നാട്ടുകാർ വലിയ ആശങ്ക രേഖപ്പെടുത്തി.
