രാജ്യത്തെ ജനസംഖ്യയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കണക്കെടുപ്പ് കേവലം ഒരു സ്ഥിതിവിവരക്കണക്കല്ലെന്നും, അത് രാജ്യത്തിന്റെ ഭാവി പുരോഗതിയുടെ അടിസ്ഥാന ശിലയാണെന്നും ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അഭിപ്രായപ്പെട്ടു. 2027-ലെ പതിനാറാമത് ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ആദ്യഘട്ട ജില്ലാതല പരിശീലന പരിപാടിയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേമപദ്ധതികൾ, വിഭവസമാഹരണം, വിവിധ മേഖലകളിലെ ജനപ്രാതിനിധ്യം എന്നിവയുമായി ബന്ധപ്പെട്ട നിർണ്ണായകമായ നയരൂപീകരണങ്ങൾക്ക് സെൻസസ് വിവരങ്ങളാണ് അടിസ്ഥാനമാകുന്നത്. അതുകൊണ്ടുതന്നെ രേഖപ്പെടുത്തുന്ന വിവരങ്ങൾ കൃത്യവും വസ്തുതാപരവുമാണെന്ന് ഉറപ്പുവരുത്തണം. ഡിജിറ്റൽ യുഗത്തിന്റെ ഭാഗമായി ഇത്തവണ മൊബൈൽ ആപ്പ് വഴിയാണ് സെൻസസ് നടപ്പിലാക്കുന്നത്. വ്യക്തികൾക്ക് ഓൺലൈനായി സ്വയം വിവരങ്ങൾ നൽകാനുള്ള സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വീടുകളുടെ വിവരങ്ങൾ ശേഖരിക്കുന്ന ആദ്യഘട്ടം (House Listing Operation) ജൂലൈ 1 മുതൽ 30 വരെ നടക്കും. ഇതിന് മുന്നോടിയായി ജൂൺ 16 മുതൽ 30 വരെ പൊതുജനങ്ങൾക്ക് പ്രത്യേക വെബ് പോർട്ടൽ വഴി സ്വന്തം വിവരങ്ങൾ നൽകാം. വീടുകളിലെ അടിസ്ഥാന സൗകര്യങ്ങൾ, ആസ്തികൾ എന്നിവയാണ് ഈ ഘട്ടത്തിൽ ശേഖരിക്കുക. 2027 ഫെബ്രുവരിയിൽ നടക്കുന്ന രണ്ടാം ഘട്ടത്തിൽ ഓരോ വ്യക്തിയുടെയും സാമൂഹിക-സാമ്പത്തിക വിവരങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കെടുപ്പ് പൂർത്തിയാക്കും. കഴിവും കൃത്യതയുമുള്ള സെൻസസ് പ്രവർത്തനം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.
