ആലപ്പുഴയിലെ മാന്നാറിൽ സൈക്കിള്‍ മോഷ്ടാക്കളെ ചോദ്യം ചെയ്തപ്പോള്‍ പുറത്ത് വന്നത് നിരവധി മോഷണങ്ങള്‍, തിരിച്ചെടുത്ത് 20ലേറെ സൈക്കിളുകള്‍

news image
May 3, 2023, 1:06 am GMT+0000 payyolionline.in

ആലപ്പുഴ: സൈക്കിൾ മോഷണക്കേസില്‍ റിമാൻഡിൽ ആയ പ്രതികളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് നിരവധി സ്ഥലങ്ങളിൽ നടത്തിയ മോഷണങ്ങൾ. കഴിഞ്ഞ ദിവസമാണ് മാന്നാറിൽ സൈക്കിൾ മോഷണവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടുപേരെ മാന്നാർ പൊലീസ് പിടികൂടിയത്. ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്കുമുറി കൈലാത്ത് വീട്ടിൽ സുബിൻ  (27) അന്യസംസ്ഥാന തൊഴിലാളിയായ പശ്ചിമബംഗാൾ മാൾട്ട സ്വദേശി ഹാറൂൺ (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

മാന്നാറിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ സൈക്കിളുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഈ കേസിൽ പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് പൊലീസ് കോടതിയിൽ കസ്റ്റഡിയിൽ വാങ്ങുവാനുള്ള അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് മറ്റ് സ്ഥലങ്ങളിൽ നിന്ന് സൈക്കിളുകൾ മോഷ്ടിച്ച വിവരങ്ങൾ  പുറത്തുവരുന്നത്. മാന്നാറിന്റെ പ്രദേശങ്ങളിൽ മാത്രമല്ല ചെങ്ങന്നൂരിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ഇവർ സൈക്കിളുകൾ മോഷണം നടത്തിയിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലിൽ ലഭിക്കുന്ന വിവരം.

പ്രതികളെ കസ്റ്റഡിയിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 20 ഓളം സൈക്കിളുകൾ പ്രതികൾ വിറ്റ സ്ഥലത്ത് നിന്നും  മാന്നാർ പൊലീസ് കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. തിരുവൻവണ്ടൂർ ചെങ്ങന്നൂർ, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് സൈക്കിളുകൾ കണ്ടെത്തിയത്. ഇതിൽ കൂടുതലും പതിനായിരം രൂപക്ക് മുകളിൽ വിലയുള്ള സൈക്കിളുകളാണ് മാന്നാർ,കുട്ടമ്പേരൂർ ചെന്നിത്തല, ചെറുകോൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും മോഷണം പോയ സൈക്കിളുകൾ ആണ് ഇവ. ഇനിയും സൈക്കിളുകൾ കണ്ടെത്താനുണ്ട് എന്നാണ് പൊലിസ് വിശദമാക്കുന്നത്.

സ്റ്റേഷനിൽ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ ആളുകളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സൈക്കിളുകൾ തിരിച്ചറിയാനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്. മാന്നാർ പൊലീസ് ഇൻസ്പെക്ടർ എസ് എച്ച് ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ് ഐ അഭിരാം, എസ് ഐ ജോൺ തോമസ് അഡിഷണൽ എസ് ഐ മാരായ സന്തോഷ്‌, മധുസൂദനൻ,
സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ധിഖുൽ അക്ബർ, സാജിദ്, ഹരിപ്രസാദ്, അജിത്, നിസാം, ഹോം ഗാർഡ് വിജയകുമാർ എന്നിവർ അടങ്ങുന്ന സംഘം വിശ്രമമില്ലാതെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികൾ പിടിയിലായത്.

സൈക്കിളുകൾ മോഷണം പോയ പരാതികൾ ലഭിച്ചു തുടങ്ങിയത് മുതൽ വിശ്രമമില്ലാത്ത അന്വേഷണം ആയിരുന്നു പൊലീസ് നടത്തിയത്. നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ പറ്റിയുള്ള സൂചന ലഭിച്ചത്. മാന്നാർ പൊലീസ് സ്റ്റേഷനിൽ തന്നെ പ്രതികൾക്കെതിരെ അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായും അധികൃതര്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe