കോട്ടയം: സൈബർ സാമ്പത്തികത്തട്ടിപ്പുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ തട്ടിപ്പുകാരുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് മനസിലാക്കാൻ അവസരം. തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും സാമൂഹമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങൾക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം നിലവിലുണ്ടെന്നാണ് കേരള പൊലീസ് വ്യക്തമാക്കി.
തട്ടിപ്പുകാരുടെ വിവരങ്ങൾ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. Report & Check Suspect എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ശേഷം Suspect Repository എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ഫോൺ നമ്പറുകൾ, ബാങ്ക് അക്കൗണ്ടുകൾ, യു.പി.ഐ ഐ.ഡി, സാമൂഹമാധ്യമ അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് ഇതുവഴി പരിശോധിക്കാം. ഡിജിറ്റൽ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണെങ്കിൽ അക്കാര്യം വ്യക്തമാക്കി ഇതിൽനിന്ന് മുന്നറിയിപ്പായി നൽകും.
തട്ടിപ്പുകാർ ഉപയോഗിക്കുന്ന വെബ്സൈറ്റ് വിലാസം, വാട്സ്ആപ് നമ്പർ, ടെലഗ്രാം ഹാൻഡിൽ, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ, സാമൂഹമാധ്യമ വിലാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ഈ പോർട്ടലിൽ നൽകാനും അവസരമുണ്ട്.