സൈബർ പാർക്കിൽ 570 കോടിയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്

news image
Mar 21, 2026, 3:32 am GMT+0000 payyolionline.in

കോഴിക്കോട് ∙ ഗവ. സൈബർ പാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി ഹൈലൈറ്റ് ഗ്രൂപ്പ്. രണ്ട് ഐടി സമുച്ചയങ്ങൾ നിർമിക്കും. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കിറ്റ്ഫ്ര), സൈബർ പാർക്ക് എന്നിവരുമായി ചേർന്നാണ് ‘ഹൈലൈറ്റ് സൈബർ ടവർ’, ‘ഹൈലൈറ്റ് സൈബർ ഹബ്’ എന്നിവ നിർമിക്കുന്നത്. ഹൈലൈറ്റ് സൈബർ ഹബ്ബിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു. ഹൈലൈറ്റ് സൈബർ ടവറിനുള്ള ഔദ്യോഗിക കരാറുകൾ കിറ്റ്ഫ്രയുമായി കൈമാറി.

സൈബർ പാർക്കിനുള്ളിൽ 2.5 ഏക്കർ സ്ഥലത്താണ് 28 നിലകളുള്ള കൂറ്റൻ ഐടി സമുച്ചയമായി ഹൈലൈറ്റ് സൈബർ ടവർ നിർമിക്കുന്നത്. 9 ലക്ഷം ചതുരശ്ര അടി വിസ്തീർണമുണ്ടാകും. 500 കോടി രൂപയാണ് ചെലവ്. ഇതിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. 70 കോടി രൂപ ചെലവിലാണ് 1.56 ലക്ഷം ചതുരശ്ര അടിയിൽ ഹൈലൈറ്റ് സൈബർ ഹബ് നിർമിക്കുന്നത്. ഇതിലൂടെ 2,500 പേർക്ക് തൊഴിൽ ലഭിക്കും.

ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഇന്നവേഷൻ ലാബുകൾ, ഗവേഷണ വികസന കേന്ദ്രങ്ങൾ എന്നിവയ്ക്ക് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഈ പദ്ധതികളിലൂടെ ലഭ്യമാകും. പുതിയ പദ്ധതികളിലൂടെ മലയാളി യുവാക്കൾക്ക് സ്വന്തം നാട്ടിൽ ഐടി അധിഷ്ഠിത ജോലികൾ ഒരുക്കാൻ കഴിയുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ പറഞ്ഞു. പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമുണ്ടാക്കാൻ കഴിയുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe