തിരുവനന്തപുരം: ഇന്ത്യ-പാക് സംഘർഷ സാധ്യത നിലനില്‍ക്കെ ഏത് സാഹചര്യവും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായി നടത്തിയ മോക് ഡ്രിൽ പൂര്‍ത്തിയായി. അഗ്നിശമനാ സേനയ്ക്കായിരുന്നു മോക് ഡ്രില്ലിന്റെ ചുമതല. കേരളത്തിൽ 126 ഇടങ്ങളിലാണ് മോക് ഡ്രിൽ നടന്നത്. അതേസമയം, കോഴിക്കോട് കോർപ്പറേഷനിലെ മോക് ഡ്രിൽ ആശയക്കുഴപ്പമുണ്ടായി. ആദ്യം മുഴങ്ങേണ്ട അപായ സൈറൺ മുഴങ്ങിയില്ല. വ്യക്തത ഇല്ലാതെ ജീവനക്കാരും ഉദ്യോഗസ്ഥരും ആശയക്കുഴപ്പത്തിലായി. ഒടുവിൽ അപായം ഇല്ല എന്ന സൈറൺ മുഴങ്ങി.
സംസ്ഥാനത്ത് 14 ജില്ലകളിലാണ് വൈകുന്നേരം നാല് മണി മുതല്‍ 4.30 വരെ മോക് ഡ്രില്‍ നടന്നത്. ഫ്ലാറ്റുകള്‍, ഷോപ്പിങ് മാളുകൾ, സിനിമ തിയറ്ററുകൾ എന്നിവയുൾപ്പെടെ തിരക്കേറിയ സ്ഥലങ്ങളിലാണ് ഡ്രിൽ സംഘടിപ്പിച്ചത്. എയർ വാണിങ് ലഭിച്ചതോടെ ജില്ലാ ആസ്ഥാനങ്ങളിൽ സൈറൺ മുഴങ്ങി. അടിയന്തിര സാഹചര്യത്തിൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ഡ്രില്ലും ഇതിന്റെ ഭാഗമായി നടന്നു. മോക് ഡ്രില്ലിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ലൈറ്റ് ഓഫ് ചെയ്യുകയും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. 1971 ലെ ഇന്ത്യാപാക് യുദ്ധസമയത്താണ് രാജ്യം മുഴുവൻ ഇത് പോലെ മോക്ഡ്രിൽ നടന്നത്. അതിന് ശേഷം ഇത്ര വിപുലമായി ആധുനിക സംവിധാനങ്ങളോടെ മോക്ഡ്രിൽ നടത്തുന്നത് ഇതാദ്യമാണ്.

