
തിരുവനന്തപുരം: കിളിമാനൂരിൽ യുവതിയുടെ കൈവെട്ടി അമ്മാവൻ. സ്കൂട്ടർ പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പോങ്ങനാട് സ്വദേശി സിന്ധുവിന് നേരെയായിരുന്നു അമ്മാവൻ മണിക്കുട്ടന്റെ ആക്രമണം.
ഗുരുതര പരിക്കേറ്റ സിന്ധുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിന്ധുവിന്റെ ഇരുകൈകൾക്കും ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചു.
മകളെ ട്യൂഷന് എത്തിച്ച ശേഷം മടങ്ങവെ സിന്ധു വഴിയിൽ സ്കൂട്ടർ പാർക്ക് ചെയ്തു. അയൽവാസിയും അമ്മാവനുമായ മണിക്കുട്ടൻ ആക്രമിക്കുകയായിരുന്നു. സിന്ധുവിന്റെ ഇരുകൈകൾക്കുമാണ് വെട്ടേറ്റത്.
സ്ഥലത്തുവെച്ച് നിലവിളിച്ച സിന്ധു സമീപത്തെ വീട്ടിൽ അഭയം തേടി. ഉടൻ തന്നെ നാട്ടുകാർ വെഞ്ഞാറന്മൂടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണം നടത്തിയ ശേഷം കടന്നുകളഞ്ഞ അമ്മാവൻ മണിക്കുട്ടനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. കിളിമാനൂർ പൊലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്. സ്ഥിരമായി ടയറിന്റെ കാറ്റ് അഴിച്ചുവിടുകയും പഞ്ചറാക്കുകയും അമ്മാവൻ ചെയ്യാറുണ്ടെന്ന ആരോപണവും സിന്ധുവിന്റെ കുടുംബം ഉയർന്നിട്ടുണ്ട്.
