കോന്നി: അടിസ്ഥാന വികസനത്തിനൊപ്പം പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് നടപ്പാകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്കൂളുകളുടെ നിര്‍മാണത്തിനും മറ്റും 10 ലക്ഷം രൂപ അനുവദിച്ചിരുന്ന പഴയ കാലം മാറി. ഇന്നത് രണ്ടും മൂന്ന് കോടി രൂപയില്‍ എത്തിയിരിക്കുകയാണ്. പൊതുവിദ്യാലയങ്ങളുടെ മുഖഛായ മാറ്റുന്നതിന് 5000 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ മൂന്ന് സ്കൂളുകൾക്കായി പുതിയതായി നിർമിച്ച കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും.ഉന്നത വിദ്യാഭ്യാസ രംഗത്ത് പഞ്ചാബിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് കേരളം. കേന്ദ്ര ഫണ്ട് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്ക് ആഘോഷ ദിനങ്ങളില്‍ നിറമുള്ള വസ്ത്രം ധരിക്കാന്‍ അവസരമുണ്ട്. സ്കൂള്‍ വിനോദയാത്രയില്‍ മുഴുവന്‍ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കും. സാമ്പത്തികമില്ലാത്തതിന്റെ പേരില്‍ ആരെയും ഒഴിവാക്കില്ലെന്നും മന്ത്രി പറഞ്ഞു.
പ്രമാടം സര്‍ക്കാര്‍ എല്‍.പി സ്കൂൾ, മലയാലപ്പുഴ സര്‍ക്കാര്‍ എല്‍.പി.എസ്, ചിറ്റാര്‍ കൂത്താട്ടുകുളം സര്‍ക്കാര്‍ എല്‍.പി. സ്കൂള്‍ എന്നിവിടങ്ങളിലാണ് പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടന്നത്. അതാത് സ്കൂൾ മൈതാനങ്ങളിൽ നടന്ന ഉദ്ഘാടനചടങ്ങിൽ കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
അംഗൻവാടി മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ ഒരുപോലെ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ആരംഭിച്ച കോന്നി എം.എല്‍.എയുടെ ‘ഉയരെ’ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ചാണ് പ്രമാടം സര്‍ക്കാര്‍ എല്‍.പി സ്കൂളിൽ പുതിയ കെട്ടിടം നിർമിച്ചത്.
ഉദ്ഘാടനചടങ്ങിൽ ജില്ല പഞ്ചായത്തംഗം റോബിന് പീറ്റര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം. അമ്പിളി, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.നവനിത്ത്, വൈസ് പ്രസിഡന്റ് മിനി റെജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീകല നായര്‍, പ്രസന്ന രാജന്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാജി സി.ബാബു, കെ.എം. മോഹനന് നായര്‍, ജി ഹരികൃഷ്ണന് തുടങ്ങിയവർ പങ്കെടുത്തു. എല്‍.എസ്.ജി.ഡി എക്സിക്യൂട്ടീവ് എൻജനീയര് ബിന്ദു വേലായുധന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സര്‍ക്കാര്‍ അനുവദിച്ച 1.20 കോടിക്ക് പുറമെ പഞ്ചായത്തിന്റെ വിവിധ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തിയ 80 ലക്ഷം രൂപയും ഉപയോഗിച്ചാണ് മലയാലപ്പുഴ സര്‍ക്കാര്‍ സ്കൂളിൽ പുതിയ കെട്ടിടം യാഥാർഥ്യമാക്കിയത്.
മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി. നായര്‍, ജില്ല പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷാജി, ക്ഷേമസമിതി അധ്യക്ഷരായ എന്‍ വളര്‍മതി, ഷീലാ കുമാരി ചാങ്ങയില്‍, എസ് ബിജു, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുജാത അനില്‍, രാഹുല്‍ വെട്ടൂര്‍, എല്‍സി ഈശോ, സുമ രാജശേഖരന്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബി.ആര്.അനില തുടങ്ങിയവർ പങ്കെടുത്തു.
1.50 കോടി ചെലവിലാണ് ചിറ്റാര്‍ കൂത്താട്ടുകുളം സര്‍ക്കാര്‍ എല്‍.പി. സ്കൂളിനായി പുതിയ കെട്ടിടം നിര്‍മിച്ചത്. ഉദ്ഘാടന ചടങ്ങിൽ എം.എല്‍.എ ഫണ്ടില്‍ നിന്നും സ്കൂളിന് ബസ് അനുവദിക്കുമെന്ന് കെ.യു.ജനീഷ് കുമാര്‍ പ്രഖാപിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബഷീര്‍, ജില്ല പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ലേഖാ സുരേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികല എബി, സ്ഥിരം സമിതി അധ്യക്ഷരായ രവി കണ്ടത്തില്‍, സൂസമ്മ ദാസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷിജി മോഹന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ആദര്ശവര്മ, ജയശ്രീ പ്രസന്നന്, ജോളി, നിശ അഭിലാഷ്, ജോര്‍ജ് തെക്കേല്‍, അമ്പിളി ഷാജി, റീനാ ബിനു, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി ആര് അനില, വിദ്യാകിരണം ജില്ലാ കോ ഓഡിനേറ്റര്‍ എ കെ പ്രകാശ്, ഡി.ഇ.ഒ അമ്പിളി, സ്കൂള്‍ പ്രധാനാധ്യാപകന് ബിജു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.