സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ല; വീണാ ജോർജ്

news image
Jul 10, 2024, 8:56 am GMT+0000 payyolionline.in

തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ലെന്ന് മന്ത്രി വീണാ ജോർജ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും പൊലീസിന്റെ അറിവില്‍പ്പെടുന്നതുമായ എല്ലാ സംഭവങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ഊര്‍ജിതമായ അന്വേഷണം നടത്തി പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചു വരികയാണ്. ശാസ്ത്രീയവും പഴുതടച്ചതുമായ അന്വേഷണമാണ് സര്‍ക്കാര്‍ നടത്തുന്നത്. വീണാ ജോര്‍ജ് പറഞ്ഞു.

അടിയന്തിരപ്രമേയത്തിൽ ചൂണ്ടികാണിച്ചിട്ടുള്ള നാല് സംഭവങ്ങളിൽ എല്ലാത്തിലും കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ആലപ്പുഴ പൂച്ചാക്കലിൽ ദളിത് പെൺകുട്ടിയെയും സഹോദരനെയും മർദിച്ച സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കാലടി കോളജിലെ പെണ്‍കുട്ടികളുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും വീണ അറിയിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷനിലെ മുന്‍ കോച്ച് പഠിക്കാനെത്തിയ പെണ്‍കുട്ടികളെ 2017 മുതല്‍ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ ആറു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്.

ബ്രിജ് ഭൂഷന്റെ കേസില്‍ യുപി സര്‍ക്കാര്‍ സ്വീകരിച്ചതുപോലുള്ള നടപടിയല്ല കേരള ക്രിക്കറ്റ് അസോസിയേഷനിലെ കോച്ചിന്റെ പീഡനക്കേസില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചത്. അയാളെ അറസ്റ്റ് ചെയ്തു ജയിലില്‍ ഇട്ടു. നിര്‍ഭയം ആര്‍ക്കും എപ്പോഴും കടന്നു ചെല്ലാവുന്ന, പരാതിയുമായി സമീപിക്കാവുന്ന സ്ഥലമായി പൊലീസ് സ്റ്റേഷന്‍ മാറിയെന്നും മന്ത്രി പറഞ്ഞു.

പോക്‌സോ കേസുകളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമകേസുകളും കൈകാര്യം ചെയ്യാനായി സംസ്ഥാനത്ത് 56 കോടതികളാണ് നിലവിലുള്ളത്. അതിക്രൂരമായ കേസുകള്‍ കൈകാര്യം ചെയ്യാനായി പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍മാരെയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe