തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ സെക്രട്ടേറിയറ്റ് സമരത്തിനിടെ സ്ത്രീകളെ മുന്നിൽ നിർത്തി പൊലീസിനെ പട്ടികകൊണ്ട് അടിച്ചുവെന്ന് പൊലീസ് കോടതിയിൽ. ജാമ്യാപേക്ഷ എതിർത്തുകൊണ്ടാണ് പൊലീസ് ഇക്കാര്യം കോടതിയെ അറിയിച്ചത്. വഞ്ചിയൂർ കോടതിയിലാണ് രാഹുലിനെ ഹാജരാക്കിയത്.
സെക്രട്ടേറിയറ്റിനു മുന്നിലെ പ്രതിഷേധത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് ഉടനടി ജാമ്യം നൽകിയാൽ അത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റു ചെയ്തു വാഹനത്തിൽ കയറ്റിയ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മറ്റ് പ്രതികൾ വാഹനത്തിൽനിന്ന് രക്ഷപ്പെടുത്തി. നാലാം പ്രതിയായ രാഹുലിനു ജാമ്യം അനുവദിച്ചാൽ കുറ്റകൃത്യങ്ങൾ ആവർത്തിച്ച് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുമെന്നും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (മൂന്ന്) സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി.
മുന്നൂറോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതികളായ യൂത്ത് കോൺഗ്രസ് നേതാക്കളും കയ്യിൽ കൊടിക്കമ്പുകളും തടിക്കഷണവുമായി സെക്രട്ടേറിയറ്റിനു മുന്നിലെത്തി പ്രതിഷേധിക്കുകയും ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയെ തടസ്സപ്പെടുത്തുകയും ചെയ്തതായി പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. പൊലീസിന്റെ ഫൈബർ ഷീൽഡ്, ഹെൽമറ്റ്, ഫൈബർ ലാത്തി എന്നിവയ്ക്ക് പ്രവർത്തകർ കേടുപാടു വരുത്തി. 50000 രൂപയുടെ നഷ്ടം സംഭവിച്ചു. പൂജപ്പുര എസ്എച്ച്ഒ റജിന്റെ കൈയ്യിലെ അസ്ഥിപൊട്ടി. സെക്രട്ടേറിയറ്റിന്റെ സുരക്ഷയിലുണ്ടായിരുന്ന വ്യവസായ സുരക്ഷാ സേനയിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് ഗുരുതര പരുക്കേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലാത്തിയും ഷീൽഡും അടിച്ചു പൊട്ടിക്കുന്ന വിഡിയോയും പൊലീസ് കോടതിയിൽ ഹാജരാക്കി.
പത്തനംതിട്ട ജില്ലയിലെ മുണ്ടപ്പള്ളിയിലെ വീട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ ഉള്ളതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തതെന്നു റിപ്പോർട്ടിൽ പറയുന്നു. കന്റോൺമെന്റ് പൊലീസ് റജിസ്റ്റർ ചെയ്ത മറ്റു രണ്ട് കേസുകളിൽകൂടി രാഹുൽ പ്രതിയാണ്. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും സുഗമമായ അന്വേഷണത്തിന് തടസം നിൽക്കാനിടയുണ്ട്. പ്രതി സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെടാനും സാധ്യതയുണ്ട്. ഉടനടി ജാമ്യം നൽകി വിട്ടയച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. സർക്കാരിന്റെ പൊതുമുതലിനു നാശനഷ്ടം വരുത്തിയ കേസാണ്. സംഘം ചേർന്ന് ഗുരുതര കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി ഗുരുതരമായി പരുക്കേൽപ്പിച്ചു. ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഇന്നു രാവിലെ പത്തനംതിട്ടയിലെ വീട്ടിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. രാവിലെ പത്തേകാലിന് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു റജിസ്റ്ററിൽ ഒപ്പിടീച്ച ശേഷം വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടയിൽ രാഹുലിനോടു മാധ്യമ പ്രവർത്തകർ സംസാരിക്കാൻ ശ്രമിച്ചതു പൊലീസ് തടഞ്ഞു. രാഹുലിനെ പിടിച്ചു തള്ളി ജീപ്പിലേക്കു കയറ്റുകയായിരുന്നു.
രാവിലെ വീടു വളഞ്ഞ് അറസ്റ്റ് ചെയ്തതു മുതൽ പൊലീസുമായി സഹകരിക്കുന്ന തന്നെ ബലം പ്രയോഗിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നത് എന്തിനാണെന്നു രാഹുൽ ചോദിച്ചു. വൈദ്യ പരിശോധനയ്ക്കായി ഫോർട്ട് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു വാഹനം തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പ്രവർത്തകരും പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. തുടർന്നാണ് കോടതിയിൽ ഹജരാക്കിയത്.