സ്ത്രീ മരിച്ചെന്ന് പറ‍ഞ്ഞിട്ടും അല്ലു അർജുൻ തിയറ്റർ വിടാൻ തയാറായില്ല; തെളിവുകളുമായി തെലങ്കാന പൊലീസ്

news image
Dec 23, 2024, 5:39 am GMT+0000 payyolionline.in

ഹെെദരാബാദ്: പുഷ്പ 2 റിലീസ് ദിനത്തിൽ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ വിശദീകരണവുമായി തെലങ്കാന പൊലീസ്. അല്ലു അർജുൻ എത്തിയ സന്ധ്യ തിയറ്ററിലെ തിരക്ക് നിയന്ത്രണാതീതമാണന്നും സ്ത്രീ മരണപെട്ടിട്ടുണ്ടെന്ന് പറഞ്ഞിട്ടും പുറത്ത് പോകാൻ നടൻ തയാറായില്ലെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്ത് വിട്ടു.

സാഹചര്യത്തിന്റെ തീവ്രത അദ്ദേഹത്തെ അറിയിക്കാൻ തിയേറ്റർ മാനേജറോട് പറഞ്ഞെങ്കിലും പ്രതികരണങ്ങൾ ഒന്നും തന്നെ ഉണ്ടായില്ലെന്ന്, കമ്മീഷണർ വ്യക്തമാക്കി. തിയറ്ററിലെ സാഹചര്യം പോലീസ് തന്നെ അറിയിച്ചില്ലെന്ന് ജയിൽ മോചിതനായ ശേഷം നടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു, ഇതിന് പിന്നാലെയാണ് പൊലീസിന്റെ വിശദീകരണം.

ദൃശ്യങ്ങളിൽ അല്ലു അർജുന്റെ സുരക്ഷ ജീവനക്കാർ പ്രശ്നങ്ങളുണ്ടാക്കുന്നതായി കാണാം ഇത്തരം സാഹചര്യത്തിൽ താരങ്ങളുടെ സുരക്ഷ ജീവനക്കാരുടെ ഭാ​ഗത്ത് നിന്നുണ്ടാവുന്ന വീഴ്ച്ചകളുടെ ഉത്തരവാദിത്വവും താരങ്ങൾ തന്നെ ഏറ്റെടുക്കണമെന്നും ഡിജിപി വ്യക്തമാക്കി.

ഈ മാസം നാലാം തിയ്യതിയാണ് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന യുവതി മരിച്ചത്. സംഭവത്തിൽ മനപൂര്‍വമല്ലാത്ത നരഹത്യാ കേസിൽ അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയതിനെ തുടർന്ന് വിട്ടയക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe