സ്പാം കോളുകൾ, മെസ്സേജുകൾ എന്നിവ സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങൾക്ക് വിരാമമിടാൻ ഒരുങ്ങി ട്രായ്. നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ ട്രായ് 2.1 ദശലക്ഷം മൊബൈൽ നമ്പറുകൾ നിരോധിക്കുകയും വ്യാജ എസ്എംഎസുകളും കോളുകളും തുടർച്ചയായി അയച്ച ഒരു ലക്ഷത്തോളം സ്ഥാപനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്തു. ആദ്യമായാണ് ഇത്രയും നമ്പർ ഒരുമിച്ച് നിരോധിക്കുന്നത്
മൊബൈൽ ഉപയോക്താക്കൾക്ക് സ്പാം കോളുകളും സന്ദേശങ്ങളും ലഭിക്കുകയാണെങ്കിൽ അവ ബ്ലോക്ക് ചെയ്യുക മാത്രമല്ല മറിച്ച് അവ റിപ്പോർട്ട് ചെയ്യുകയും വേണമെന്ന് ട്രായ് നിർദ്ദേശിച്ചു. ഇതിനായി ട്രായ് ഡി.എൻ.ഡി. (TRAI DND) ആപ്പ് ഉപയോഗിക്കാനായും ട്രായ് അഭ്യർത്ഥിച്ചു . സ്പാം കോളുകളും സന്ദേശങ്ങളും റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്ന ട്രായിയുടെ ആപ്പാണിത്. ഈ ആപ്പ് ഉപയോഗിച്ച ആളുകൾ റിപ്പോർട്ട് ചെയ്ത നമ്പറുകളാണ് ട്രായ് നിരോധിച്ചത്.
സ്പാമിൽ നിന്ന് രക്ഷനേടാൻ ഉപയോക്താക്കൾക്കായി ട്രായ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ
- ഉപയോക്താക്കൾ ഫോണിൽ ട്രായ് ഡി.എൻ.ഡി ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
- സ്പാം സന്ദേശങ്ങളോ കോളുകളോ ലഭിക്കുകയാണെങ്കിൽ അവ ആപ്പ് വഴി റിപ്പോർട്ട് ചെയ്യുക.
- ഫോൺ കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ വ്യക്തിഗതമോ ബാങ്കിംഗ് സംബന്ധമായതോ ആയ വിവരങ്ങൾ പങ്കുവെക്കരുത്.
- ഏതെങ്കിലും കോളുകളിലോ സന്ദേശങ്ങളിലോ സംശയം തോന്നുന്നുണ്ടെങ്കിൽ ഉടൻ തന്നെ കോൾ വിച്ഛേദിക്കുക.
- സൈബർ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ദേശീയ സൈബർ ക്രൈം ഹെൽപ്പ് ലൈൻ ആയ 1930-ൽ റിപ്പോർട്ട് ചെയ്യുക. ഇതിനായി സർക്കാർ പോർട്ടലും(www.cybercrime.gov.in)ഉപയോഗിക്കാവുന്നതാണ്
