സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയുടെ പേര് നിർദ്ദേശിച്ച് ബിജെപി;സമവായം തേടി പ്രതിപക്ഷത്തെ കണ്ട് കേന്ദ്രമന്ത്രിമാർ

news image
Jun 25, 2024, 6:15 am GMT+0000 payyolionline.in
ദില്ലി : ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് വീണ്ടും ഓം ബിർളയ്ക്ക് സാധ്യത. സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയുടെ പേര് ബിജെപി നിർദ്ദേശിച്ചു. ഓം ബിർള സ്പീക്കർ സ്ഥാനത്തേക്ക് എത്തുന്നതിൽ കോൺഗ്രസ് യോജിപ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ മത്സരത്തിന് സാധ്യത നിലനിൽക്കുകയാണ്.  ഈ സാഹചര്യത്തിൽ സമവായത്തിനാണ് ബിജെപി ശ്രമിക്കുന്നത്. കോൺഗ്രസ് എതിർപ്പ് ഇന്ത്യാ സഖ്യ കക്ഷികളെ അറിയിച്ചു. സ്പീക്കർ സ്ഥാനത്തേക്ക്
മത്സരിക്കണം എന്ന നിർദ്ദേശവും കോൺഗ്രസ് സഖ്യകക്ഷികൾക്ക് മുന്നിൽ വെച്ചു.
എന്നാൽ അതേ സമയം, സ്പീക്കർ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കണമെന്നും ഓം ബിർളയെ പിന്തുണയ്ക്കണമെന്ന് പ്രതിപക്ഷത്തോട് ബിജെപി ആവശ്യപ്പെട്ടു. സ്പീക്കർ തെരഞ്ഞെടുപ്പിൽ സമവായം തേടി പ്രതിപക്ഷവുമായി കേന്ദ്രമന്ത്രി രാജ്നാഥ് സിം​ഗ് ചർച്ച നടത്തി. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളിലേക്ക് മത്സരം ഒഴിവാക്കാനുളള സമവായം തേടിയാണ് പ്രതിപക്ഷ നേതാക്കളെ രാജ്നാഥ് സിം​ഗ് സന്ദർശിച്ചത്. ഇന്ത്യാ സഖ്യ നേതാക്കളായ മല്ലികാർജ്ജുൻ ഖർഗെ, എംകെ സ്റ്റാലിൻ, അഖിലേഷ് യാദവ്, മമത ബാനർജി എന്നിവരെ രാജ്നാഥ് സിംഗ് ബന്ധപ്പെട്ടു. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും ഇതേ ആവശ്യവുമായി പ്രതിപക്ഷ നേതാക്കളെ കണ്ടു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിൽ വിട്ടുവീഴ്ചയുണ്ടാകുമെന്ന് ബിജെപി അറിയിച്ചതായാണ് വിവരം. സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കണമെന്നാണ് ഇന്ത്യ സഖ്യത്തിലും അഭിപ്രായമെന്നാണ് സൂചന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe