സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങള്‍ മുറിക്കാൻ അനുമതി; നിര്‍ണായക നീക്കവുമായി സർക്കാർ

news image
Oct 10, 2024, 2:28 pm GMT+0000 payyolionline.in

തിരുവനന്തപുരം: സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങള്‍ മുറിച്ച് വനം വകുപ്പ് മുഖേന വില്‍പന നടത്തുന്നതിന് ഉടമകള്‍ക്ക് അവകാശ നല്‍കികൊണ്ടുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിലവില്‍ ചന്ദനമരം വെച്ചുപിടിപ്പിക്കാമെങ്കിലും അവ വില്‍പ്പന നടത്തി ആയതിന്‍റെ വില ലഭിക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയില്ലെന്നും ചന്ദനമരം മോഷണം പോകുകയും ആയതിന് സ്ഥലമുടമയ്ക്ക് നേരെ കേസെടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും വിശദീകരിച്ചുകൊണ്ടാണ് പുതിയ ബില്ലിന് അംഗീകാരം നല്‍കിയതെന്ന് വനം മന്ത്രി അറിയിച്ചു.

ഇത്തരം സാഹചര്യം ഒഴിവാക്കി ചന്ദനമരം വെച്ചുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി ഉടമകള്‍ക്ക് വന്‍തുക വരുമാനം ഉണ്ടാക്കുന്നതിനും ചന്ദനമോഷണം കുറയ്ക്കുന്നതിനും ഈ ഭേദഗതി സഹായകമാകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. എന്നാല്‍, പട്ടയ വ്യവസ്ഥകള്‍ പ്രകാരം സര്‍ക്കാരിലേക്ക് റിസര്‍വ് ചെയ്തിട്ടുള്ള ചന്ദനമരങ്ങള്‍ മുറിച്ച് വില്‍പ്പന നടത്താന്‍ അനുമതിയില്ല. ഇതിന് പട്ടയം നല്‍കുന്നത് സംബന്ധിച്ച റവന്യൂ നിയമങ്ങളും പട്ടയത്തിലെ ഇത്തരം നിബന്ധനകളും ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു.

അപകടകരമായ മരങ്ങള്‍, ഉണങ്ങിയ മരങ്ങള്‍, സ്വന്തം ആവശ്യത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഭൂമിയിലെ മരങ്ങള്‍ എന്നിവ മുറിച്ചുമാറ്റുന്നതിന് മാത്രമാണ് ഇപ്പോള്‍ അനുമതി നല്‍കാവുന്നത്. 2010-ലാണ് ചന്ദനമരങ്ങള്‍ മുറിക്കുന്നത് പാടെ നിരോധിച്ചുകൊണ്ടുള്ള നിയമം നിലവില്‍ വന്നത്. ഉടമകള്‍ വില്‍ക്കുന്ന ചന്ദനമരങ്ങള്‍ സൂക്ഷിക്കുന്നതിന് ജില്ലകളില്‍ ചന്ദന ഡിപ്പോകള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഇപ്പോള്‍ മറയൂരില്‍ മാത്രമാണ് ചന്ദനം സൂക്ഷിക്കുന്നതിനുള്ള ഡിപ്പോ നിലവിലുള്ളത്.

വന കുറ്റങ്ങള്‍ രാജിയാക്കുന്നതിന് ഇപ്പോള്‍ വ്യക്തമായ നിയമ വ്യവസ്ഥകളില്ല. ഉദ്യോഗസ്ഥന് യുക്തമെന്ന് തോന്നുന്ന ഒരു തുക നിശ്ചയിച്ച് വേണമെങ്കില്‍ കുറ്റം രാജിയാക്കാന്‍ അനുവദിക്കാം എന്നതിന് പകരം പിഴ തുകയ്ക്ക് തുല്യമായ ഒരു തുക അടച്ച് കുറ്റം രാജിയാക്കാന്‍ അനുവദിക്കുന്നതാണ് ഭേദഗതി. കോടതി നടപടികള്‍ ആരംഭിച്ച കേസുകളില്‍ കോടതിയുടെ അനുവാദത്തോടെ രാജിയാക്കുന്നതിനും വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്. അഴിമതിയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ ഈ ദേദഗതി സഹായകമാണ്.

വനത്തില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കല്‍, വന്യമൃഗങ്ങളെ ശല്യപ്പെടുത്തല്‍, ജലാശയങ്ങളില്‍ വിഷം ചേര്‍ത്തും മറ്റ് വിധത്തിലും അനധികൃതമായി മത്സ്യം പിടിക്കല്‍ എന്നിവ തടയുന്നതിനും വ്യവസ്ഥ ചെയ്യുന്നു. വനം ഉള്‍പ്പന്നങ്ങള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് അതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലവില്‍ വന്ന പിഴ തുകകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉള്‍പ്പെടെ ക്രിമിനല്‍ നടപടി നിയമപ്രകാരം സുതാര്യമാക്കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. നിയമസഭ പാസാക്കിയാൽ ഉടൻ നിയമം പ്രാബല്യത്തിൽ വരുമെന്നും വനം മന്ത്രി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe