സ്വകാര്യ ബസിൽ 13കാരന് നേരെ ലൈംഗിക അതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

news image
Sep 28, 2025, 3:57 pm GMT+0000 payyolionline.in

കൊണ്ടോട്ടി: സ്വകാര്യ ബസിൽ യാത്ര ചെയ്ത 13 വയസുകാരനെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കിഴിശ്ശേരി ചെങ്ങിണീരി കളത്തിങ്കൽ അലി അസ്കർ (49) ആണ് കൊണ്ടോട്ടി പോലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ 20ന് വൈകിട്ട് കിഴിശ്ശേരിയിൽ നിന്നും ബസിൽ കയറിയ കുട്ടിയെ പ്രതി തന്റെ അടുത്തിരുത്തി ലൈംഗികമായി ഉപദ്രവിച്ചത്.

 

വീട്ടിലെത്തി തന്നെ ഒരാൾ ഉപദ്രവിച്ചതായി കുട്ടി പറഞ്ഞതോടെ മാതാപിതാക്കൾ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതി ആരാണെന്ന് അറിയാത്തതും ബസിൽ സിസിടിവി ക്യാമറ ഇല്ലാത്തതും അന്വേഷണം ദുഷ്കരമാക്കി. കുട്ടി പറഞ്ഞ അടയാളവിവരങ്ങൾ സൂചനയാക്കി കിഴിശ്ശേരി മുതൽ മഞ്ചേരി വരെയുള്ള ബസ് സ്റ്റോപ്പുകളിലെ ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ മുഖം തിരിച്ചറിയുകയുമായിരുന്നു.

തുടർന്ന് കൊണ്ടോട്ടി പൊലീസ് പ്രതിയുടെ മേൽവിലാസം കണ്ടെത്തി വയനാട് മേപ്പാടിക്കടുത്തുള്ള ജോലി സ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. 2020ൽകൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസുണ്ട്. കൊണ്ടോട്ടി പൊലീസ് ഇൻസ്‌പെക്ടർ പി എം ഷമീർ, എസ് ഐ വി ജിഷിൽ, പ്രത്യേക അന്വേഷണ സംഘത്തിലെ അമർനാഥ്, ഋഷികേശ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe