വടകര: പ്രമുഖ കവയിത്രി അജിത മുക്കാളിയുടെ നേതൃത്വത്തിലുള്ള ദേശശബ്ദം പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന ‘സ്വതന്ത്ര ശബ്ദം’ മാസിക പുനഃപ്രസിദ്ധീകരിച്ചു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് വടകരയിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രശസ്ത സാഹിത്യകാരൻ രാജാറാം തൈപ്പള്ളി മാസികയുടെ പ്രകാശനം നിർവഹിച്ചു. രാജൻ അരുണാലയമാണ് ആദ്യ പ്രതി ഏറ്റുവാങ്ങിയത്. പുതുമുഖ കവികൾക്ക് അവസരം നൽകിക്കൊണ്ട് 1001 കവിതകളുടെ സമാഹാരമായ ‘1001 നക്ഷത്രങ്ങൾ’ എന്ന പുസ്തകം ഉടൻ പുറത്തിറക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ചാലക്കര പുരുഷു, അജിത മുക്കാളി, ഹരി വേങ്ങാട്, ബിഷ്മില പി.ടി, വി.പി. പ്രമോദ് എന്നിവർ സംസാരിച്ചു.
