ഇ ഡി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് സാബു ജേക്കബിന്റെ ട്വൻ്റി ട്വൻ്റിയുടെ എൻ ഡി എ പ്രവേശനം എന്ന വിവരങ്ങൾ പുറത്തുവന്നതോടെ പാർട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തം. സ്വന്തം താൽപ്പര്യ സംരക്ഷണത്തിനായി പാർട്ടിയെ ഉപയോഗിച്ചുവെന്നത് ചൂണ്ടിക്കാട്ടിയാണ് അണികളിൽ പ്രതിഷേധം പുകയുന്നത്. കൂടുതൽ പേർ പാർട്ടി വിട്ടേയ്ക്കുമെന്നാണ് സൂചന.
അതേസമയം, കോടികളുടെ വിദേശ നിക്ഷേപം സ്വീകരിച്ചതിൽ ED നടപടി കടുപ്പിക്കുന്നതിനിടെയാണ് ട്വൻ്റി 20 ബിജെപിയിലേക്ക് മുന്നണി പ്രവേശം നടത്തിയത്. ഫെമ ചട്ടം ലംഘനത്തിൻ്റെ പേരിൽ ആറു മാസം മുമ്പാണ് സാബുവിന് ED നോട്ടീസ് നൽകിയത്. സാബു ജേക്കബിന്റെ ട്വൻ്റി- 20 പാർട്ടി NDAയുടെ ഘടക കക്ഷിയായി ചേർന്നതു മുതൽ തന്നെ ഈ നീക്കത്തിനു പിന്നിൽ ഇ ഡി യുടെ ഇടപെടൽ ഉള്ളതായി സംശയം ഉയർന്നിരുന്നു.
കോടികളുടെ വിദേശ നിക്ഷേപം സ്വീകരിച്ചതിന് ഫെമ ചട്ടലംഘനത്തിൻ്റെ പേരിലുള്ള നടപടികൾ ED ശക്തമാക്കുന്നതിനിടെ ആയിരുന്നു കിറ്റക്സ് ഗ്രൂപ്പ് മുതലാളിയുടെ രാഷ്ട്രീയ ചുവടുമാറ്റം. ആറുമാസം മുമ്പ് ഇതുമായി ബന്ധപ്പെട്ട് ED വിവര ശേഖരണം ആരംഭിക്കുകയും സാബുവിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
മൂന്നുതവണ നോട്ടീസ് അയച്ചിട്ടും സാബു ഇ ഡിക്ക് മുന്നിൽ ഹാജരായിരുന്നില്ല. ആവശ്യപ്പെട്ട രേഖകളും സമർപ്പിച്ചില്ല. ചാർട്ടേഡ് അക്കൗണ്ടൻ്റ് ആണ് ഉദ്യോഗസ്ഥർക്കു മുന്നിൽ എത്തിയത്. ED നടപടി കടുപ്പിക്കുമെന്നും വിശദമായ അന്വേഷണത്തിലേക്ക് പോകുമെന്നും വ്യക്തമായ സാഹചര്യത്തിലാണ് NDA പാളയത്തിലേക്കുള്ള സാബു ജേക്കബിൻ്റെ ചുവടുമാറ്റം.
