പത്തനംതിട്ട: ശബരിമല ശ്രീകോവിൽ വാതിലിന്റെ കട്ടിളയും ഉണ്ണികൃഷ്ണന് പോറ്റി കടത്തി. ദ്വാരപാലകശിൽപ മാതൃകയിൽ ശ്രീകോവിൽ കട്ടിളയിലെ സ്വര്‍ണം പൊതിഞ്ഞ പാളികളും ചെമ്പെന്ന് രേഖപ്പെടുത്തിയാണ് ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയത്.
ഉണ്ണികൃഷ്ണന് പോറ്റി സ്പോൺസറായ ശ്രീകോവിൽ വാതിൽ നിർമാണത്തിലും സംശയമുയരുന്നതിനിടെയാണ് കട്ടിളയിലെ സ്വര്‍ണം പൊതിഞ്ഞ പാളികളും കൊടുത്തുവിട്ടെന്ന വിവരം പുറത്തുവന്നത്.
2019 മാര്‍ച്ച് 20ന് ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറാനായി ദേവസ്വം ബോര്‍ഡ് ഇറക്കിയ ഉത്തരവിലാണ് കട്ടിളയിലുള്ളത് ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബുവും കട്ടിളപ്പടി കൈമാറിയതായി വെളിപ്പെടുത്തിയിരുന്നു. നേരിയ തോതിലായിരുന്നു കട്ടിളയിൽ സ്വർണം പൂശിയിരുന്നതെന്നും ഇത് മങ്ങിയതോടെ ഉണ്ണികൃഷ്ണന് പോറ്റിക്ക് നവീകരണത്തിനായി നൽകുകയായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
ദ്വാരപാലക ശിൽപപ്പാളികളേക്കാൾ കൂടുതൽ സ്വർണം കട്ടിളകളിലുണ്ടാകുമെന്നാണ് സൂചന. ദ്വാരപാലക ശില്പപ്പാളികളിലെ ഒരു കിലോയിലേറെ സ്വര്‍ണം നഷ്ടമായതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കട്ടിളയിലെ സ്വർണവും ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈയിലെത്തിയ വിവരം പുറത്തുവന്നത്.
ഈ പാളികള്‍ തിരികെയെത്തിയോ, സ്വര്‍ണം എന്ത് ചെയ്തു തുടങ്ങിയ കാര്യങ്ങളിലൊന്നും ദേവസ്വം രേഖകളില്‍ വ്യക്തതയില്ല. ശ്രീകോവിലിന്റെ വാതില്‍ നിര്‍മിച്ചശേഷമാണ് കട്ടിളയും സ്വര്‍ണം പൂശി നല്‍കാമെന്ന് കാട്ടി ഉണ്ണികൃഷ്ണന് ദേവസ്വംബോർഡിന് കത്ത് നല്‍കിയത്. 1999ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതായിരുന്നു കട്ടിളയും. അതിനിടെ, ദേവസ്വം വിജിലൻസ് സംഘം സന്നിധാനത്തെത്തി പരിശോധന നടത്തി.