കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് രണ്ടുതവണ വർധിച്ചു. സർവകാല റെക്കോഡിലേക്കാണ് കുതിച്ചുയർന്നത്. പവന് 1440രൂപയും ഗ്രാമിന് 180 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 12480 രൂപയും പവന് 99,840 രൂപയുമായി. 160 രൂപ കൂടിയാൽ ഒരുലക്ഷം രൂപയാകും പവൻ വില.
രാവിലെ ഗ്രാമിന് 100 രൂപയുടെയും പവന് 800 രൂപയുടെയും വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഉച്ചക്ക് ശേഷം ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടി.
ആഗോളവിപണിയിലും സ്വർണം റെക്കോഡ് നിരക്കിലാണ് വ്യാപാരം നടത്തുന്നത്. സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,409.37 ഡോളറായി ഉയർന്നു. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകൾ കുറച്ചത് മൂലം ആളുകൾ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നത് വില ഉയരുന്നതിന് ഇടയാക്കുന്നുണ്ട്. ഇതിനൊപ്പം ഡോളർ ഇൻഡക്സിൽ ഉണ്ടാവുന്ന ഇടിവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
വെള്ളിയുടെ വിലയും ഉയരുകയാണ്. 138 ശതമാനം വർധനയാണ് ഇതുവരെ വെള്ളിക്ക് രേഖപ്പെടുത്തിയത്. അതേസമയം, ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ നേട്ടം രേഖപ്പെടുത്തി. മൂല്യത്തിൽ 22 പൈസയുടെ നേട്ടമാണ് ഉണ്ടായത്. 88.45 ആയാണ് മൂല്യം ഉയർന്നത്. രൂപയുടെ മൂല്യത്തിലുണ്ടാവുന്ന ചാഞ്ചാട്ടങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
