കൊച്ചി: സർക്കാർ അനുവദിച്ച പരോൾ തടവുകാരന് നിഷേധിക്കാൻ ജയിൽ സൂപ്രണ്ടിന് അധികാരമില്ലെന്ന് ഹൈകോടതി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശി ഹുസൈൻ അബ്ബാസിന് അനുവദിച്ച പരോൾ ജയിൽ സൂപ്രണ്ട് നിഷേധിച്ചതിനെതിരെ ഭാര്യ നൽകിയ ഹരജി അനുവദിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
പരോൾ അനുവദിച്ച ശേഷം ജയിലിൽ അനധികൃതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കേസുണ്ടെന്ന കാരണത്താലായിരുന്നു പരോൾ നിഷേധിച്ചത്. എന്നാൽ ഈ നടപടി അധികാര ദുർവിനിയോഗത്തിന് കാരണമാകുമെന്ന് സിംഗിൾ ബെഞ്ച് വിലയിരുത്തി.
പരോളിലുള്ള പ്രതി തെറ്റായി വല്ലതും ചെയ്താൽ തിരിച്ചുവിളിക്കാൻ ജയിൽ സൂപ്രണ്ടിന് അധികാരമുണ്ട്. എന്നാൽ പരോൾ നിഷേധിച്ച് പുറത്തുവിടാതിരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.