ഹണി റോസിന്‍റെ പരാതി; രാഹുൽ ഈശ്വറിന്‍റെ മുൻകൂർ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും

news image
Jan 13, 2025, 5:33 am GMT+0000 payyolionline.in

കൊച്ചി: നടി ഹണി റോസിന്റെ പരാതിയിൽ മുൻകൂർ ജാമ്യം തേടിയുള്ള രാഹുൽ ഈശ്വറിന്റെ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ചാനല്‍ ചര്‍ച്ചകളില്‍ നടിക്കെരെ മോശം പരാമര്‍ശം നടത്തിയ രാഹുല്‍ ഈശ്വറിനെതിരെ തൃശൂര്‍ സ്വദേശിയും പരാതി നല്‍കിയിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വറിന്‍റെ വാദം. ഹണി റോസിന്‍റെ വസ്ത്ര ധാരണത്തിൽ ഉപദേശം നൽകുക മാത്രമാണ് ചെയ്തത്. സൈബർ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ലെന്നും രാഹുൽ പറയുന്നു.

ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്ന് തനിക്ക് അഭിപ്രായമുണ്ടെന്നും വിമര്‍ശനങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ നേരത്തെ പറഞ്ഞിരുന്നു. ഗാന്ധിജിയും മദര്‍ തെരേസയും വരെ വിമര്‍ശിക്കപ്പെടുന്ന നാട്ടില്‍ ഹണി റോസിനെ മാത്രം വിമര്‍ശിക്കരുതെന്ന് പറയാനാകില്ല. ഹണി റോസിന്റെയും അമല പോളിന്റേയുമൊക്കെ വസ്ത്രധാരണത്തെ വിമര്‍ശിച്ചിട്ടുണ്ട്. അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമാണ് ചാനൽ ചർച്ചക്കിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.

ബോബി ചെമ്മണ്ണൂരിന് എതിരായ കേസില്‍ വീണ്ടും മൊഴിയെടുക്കുവാന്‍ സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ ആയിരുന്നു ഹണി റോസ് രാഹുല്‍ ഈശ്വരനെതിരെ കൂടി പരാതി നല്‍കിയത്. താനും കുടുംബവും കടുത്ത മാനസിക സമ്മർദത്തിലൂടെ കടന്നുപോകാൻ പ്രധാന കാരണക്കാരൻ രാഹുൽ ഈശ്വറാണെന്ന് നടി പറഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ നടിക്കെതിരെ അശ്ലീല കമന്റുകള്‍ എഴുതിയ കൂടുതല്‍ പേര്‍ക്കെതിരെ നടപടികള്‍ ഉണ്ടായേക്കും. നിലവില്‍ നടിയുടെ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച ഹൈകോടതി വാദം കേള്‍ക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe