ഹമാസ് വിരുദ്ധ പ്രസംഗം; ശശി തരൂരിനെ തിരുവനന്തപുരത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍നിന്ന് ഒഴിവാക്കി

news image
Oct 27, 2023, 12:35 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീം ലീഗ് പലസ്തീന്‍ ഐക്യദാര്‍ഢ്യ വേദിയിലെ പരാമര്‍ശം വിവാദമായതിന് പിന്നാലെ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന പലസ്തീൻ ഐക്യ ദാർഢ്യ പരിപാടിയില്‍നിന്ന് ശശി തരൂര്‍ എം.പിയെ ഒഴിവാക്കി. തിങ്കളാഴ്ച തിരുവനന്തപുരത്ത് മഹല്ല് എംപവര്‍മെന്‍റ് മിഷന്‍ സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍നിന്നാണ് മാറ്റിയത്. പരിപാടിയില്‍ സിപിഎം നേതാവ് എം.എ ബേബിയെയും ശശി തരൂര്‍ എം.പിയെയുമാണ് മുഖ്യാതിഥികളായി നേരത്തെ തീരുമാനിച്ചത്. എന്നാല്‍, കോഴിക്കോട്ട് മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ശശി തരൂര്‍ പ്രസംഗത്തില്‍ ഹമാസ് തീവ്രവാദ സംഘടനയാണെന്ന് പരാമര്‍ശിച്ചിരുന്നു.

പലസ്തീന്‍ ഐക്യദാര്‍ഢ്യ വേദിയില്‍ ഹമാസ് വിരുദ്ധ പ്രസംഗം നടത്തിയ ശശി തരൂരിനെതിരെ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രസ്താവന വിവാദമായതോടെയാണ് തിരുവനന്തപുരത്തുനിന്നുള്ള എം.പി കൂടിയായ ശശി തരൂരിനെ സ്വന്തം ലോക്സഭാ മണ്ഡലത്തില്‍ നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍നിന്നും ഒഴിവാക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. ഇതിനിടെ, ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീംലീഗ് വേദിയിലെ പരാമർശത്തില്‍ വിശദീകരണവുമായി ശശി തരൂർ എംപി രംഗത്തെത്തി. താൻ എന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്നാണ് ശശി തരൂരിന്റെ വിശദീകരണം. എന്‍റെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ട. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂർ പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe