ഹരിതചട്ടം ലംഘിച്ച് ബോർഡുകൾ വേണ്ട; കോഴിക്കോട് പ്രിന്റിംഗ് കേന്ദ്രങ്ങളിൽ നിന്ന് 1100 മീറ്റർ നിരോധിത തുണി പിടിച്ചെടുത്തു

news image
Apr 1, 2026, 3:18 pm GMT+0000 payyolionline.in

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഹരിതചട്ട ലംഘനങ്ങൾ തടയാൻ പരിശോധന കർശനമാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡ്. ജില്ലയിലെ പ്രധാന പ്രിന്റിംഗ് മെറ്റീരിയൽ വിതരണശാലകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 1100 മീറ്റർ നിരോധിത പ്രിന്റിംഗ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. പിടിച്ചെടുത്തവയിൽ ഭൂരിഭാഗവും നിരോധന പട്ടികയിലുള്ള പോളിസ്റ്റർ മിക്സഡ് തുണി ഉൽപ്പന്നങ്ങളാണ്.

നിരോധിത ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് പ്രിന്റിംഗ് ഉടമകൾക്ക് നേരത്തെ നോട്ടീസ് നൽകുകയും ബോധവൽക്കരണ യോഗങ്ങൾ വിളിച്ചുചേർക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് അവഗണിച്ച് നിരോധിത വസ്തുക്കൾ ഉപയോഗിച്ച് ബോർഡുകളും ബാനറുകളും വ്യാപകമായി നിർമ്മിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഗോഡൗണുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോളി എത്തിലിൻ (Polyethylene), 100% കോട്ടൺ തുണി എന്നിവ മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളൂ. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇന്റേണൽ വിജിലൻസ് ഓഫീസർ (IVO) സ്ക്വാഡ്, ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഐ.വി.ഒ ടി. ഷാഹുൽ ഹമീദ്, കൊടുവള്ളി ബ്ലോക്ക് ജി.ഇ.ഒ റൈഷ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ സരിത്ത്, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.പി സുജിത്ത്, ടി.പി പ്രകാശൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe