ന്യൂഡൽഹി: ഹരിയാനയിലെ നൂഹിലും ഗുരുഗ്രാമിലും നടന്ന നിയമവിരുദ്ധമായ ഇടിച്ചുനിരത്തൽ സ്വമേധയാ കേസെടുത്ത് തടഞ്ഞ പഞ്ചാബ് ഹരിയാന ഹൈകോടതി ബെഞ്ചിനെ മാറ്റി. പ്രത്യേക സമുദായത്തെ മാത്രം തിരഞ്ഞുപിടിച്ച് നടത്തിയ ബുൾഡോസർ നടപടിയിലൂടെ വംശീയമായ ഉന്മൂലനമാണോ ലക്ഷ്യംവെക്കുന്നതെന്ന് ചോദിച്ച് ഹരിയാനയിലെ ബി.ജെ.പി സർക്കാറിനെ അതിരൂക്ഷമായി വിമർശിച്ച ജസ്റ്റിസുമാരായ ജി.എസ്. സന്ധാവാലിയ, ഹർപ്രീത് കൗർ ജീവൻ എന്നിവരടങ്ങുന്ന ബെഞ്ചിൽനിന്നാണ് കേസ് മാറ്റിയത്.ജസ്റ്റിസുമാരായ അരുൺ പള്ളി, ജഗൻ മോഹൻ ബൻസൽ എന്നിവരടങ്ങുന്ന പുതിയ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും.വർഗീയ സംഘർഷത്തെ തുടർന്ന് നാല് ദിവസം തുടർച്ചയായി നടന്ന ഇടിച്ചുനിരത്തൽ പത്ര വാർത്തകളിലൂടെ കണ്ടാണ് ഹൈകോടതി ബെഞ്ച് സ്വയം ഇടപെട്ട് തടഞ്ഞത്. ഇടിച്ചുനിരത്തിയ വീടുകളുടെയും കെട്ടിടങ്ങളുടെയും കണക്ക് സർക്കാറിനോട് ആവശ്യപ്പെട്ട് കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് അത്യന്തം നാടകീയമായി ബെഞ്ചിനെ മാറ്റിയത്.
അതിനിടെ, നൂഹിൽ നടന്ന വർഗീയ കലാപത്തിലെ പ്രതികളെന്ന് കരുതുന്ന രണ്ടുപേരെ ഏറ്റുമുട്ടലിനൊടുവിൽ പിടികൂടിയതായി പൊലീസ് പറഞ്ഞു. സഖോ ഗ്രാമത്തിലെ മലമ്പ്രദേശത്ത് ബുധനാഴ്ച രാത്രിയാണ് പൊലീസും ബൈക്കിലെത്തിയ പ്രതികളും തമ്മിൽ ഏറ്റുമുട്ടൽ നടന്നതത്രെ. പരസ്പരം നടന്ന വെടിവെപ്പിനൊടുവിൽ പ്രതികളെ പിടികൂടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതികളിലൊരാളുടെ കാലിന് പരിക്കേറ്റു. ഇവരിൽനിന്ന് തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.ഇതേക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ‘പ്രതികൾ രാജസ്ഥാനിൽനിന്ന് ബൈക്കിൽ നൂഹിലേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വാഹനപരിശോധന നടത്തിയിരുന്നു. പൊലീസ് സംഘത്തെക്കണ്ട് പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസിനുനേരെ വെടിയുതിർക്കുകയും ചെയ്തു. പൊലീസ് തിരികെ വെടിവെച്ചപ്പോൾ പ്രതികളിലൊരാളുടെ കാലിൽ കൊള്ളുകയും നിലത്ത് വീഴുകയും ചെയ്തു. തുടർന്ന് ഇവരെ പിടികൂടുകയായിരുന്നു’