ഹൈദരാബാദ്: നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ ട്രാൻസ്ജെൻഡർമാരെ ട്രാഫിക് വളന്റിയർമാരായി നിയമിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഢി. ഹൈദരാബാദിലെ വര്‍ധിച്ചുവരുന്ന ട്രാഫിക് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്.
നിയമലംഘനങ്ങൾ തടയാൻ ട്രാഫിക് സിഗ്നലുകളിൽ ഹോം ഗാർഡുകളെപ്പോലെ ട്രാൻസ്ജെൻഡർമാരുടെ സേവനവും ഉപയോഗപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ റെഡ്ഢി പറഞ്ഞു. ‘ഡ്രങ്ക് ഡ്രൈവ് പരിശോധനക്കും’ ട്രാഫിക് മാനേജ്മെന്റിനും ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ സഹായം ആവശ്യമാണെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഇതിലൂടെ ഗതാഗത നിയമ ലംഘനം തടയണമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക ഡ്രസ് കോഡുകളും ഹോം ഗാര്‍ഡുകള്‍ക്ക് തുല്യമായ ശമ്പളവും ലഭ്യമാക്കണമെന്നും തീരുമാനം പരീക്ഷണാടിസ്ഥാനത്തില്‍ പെട്ടെന്ന് തന്നെ നടപ്പിലാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.