അഖിലക്കെതിരായ കേസ്: ‘പൊലീസിന്റേത് സ്വാഭാവിക നടപടി’; ന്യായീകരിച്ച് ഇപി ജയരാജൻ

news image
Jun 12, 2023, 10:26 am GMT+0000 payyolionline.in

കണ്ണൂർ: മാധ്യമ പ്രവർത്തകരുടെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് സി പി എം പ്രവർത്തകരെന്ന് ഇടത് മുന്നണി കൺവീനറും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജൻ. എല്ലാ കാലത്തും മാധ്യമ സംരക്ഷണത്തിന് വേണ്ടി പാർട്ടി പ്രവർത്തിച്ചിട്ടുണ്ട്. പിഎം ആർഷോയുടെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖിലക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് സ്വാഭാവിക നടപടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരാൾ ഒരു പരാതി നൽകിയാൽ പൊലീസ് കേസെടുക്കും. ഇവിടെ ഉണ്ടായതും അതാണ്. അഖില നന്ദകുമാറിനെതിരെ പൊലീസ് യാതൊരു നടപടിയിലേക്കും കടന്നിട്ടില്ല. പൊലീസ് അന്വേഷണം ശരിയായ ദിശയിൽ നടക്കും. കുറ്റം ചെയ്തവർക്കെതിരെ മാത്രമേ നടപടിയുണ്ടാവുകയുള്ളൂ.  സിദ്ധിഖ് കാപ്പന് വേണ്ടി ആദ്യം ശബ്ദമുയർത്തിയത് സിപിഎമ്മാണ്. അക്കാര്യം മറന്ന് സിപിഎമ്മിനെ ആക്ഷേപിക്കുന്നത് ദൗർഭാഗ്യകരമാണ്. മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച് ആരും ഉത്കണ്ഠപ്പെടേണ്ട. എല്ലാ കാലത്തും ഇടതു പക്ഷം മാധ്യമങ്ങൾക്കൊപ്പമുണ്ടെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുഴുപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ കുട്ടി മരിച്ചത് ദാരുണമായ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവം ഇനിയും ഉണ്ടാകാതിരിക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണം. ജനപ്രതിനിധികളും തദ്ദേശഭരണ സ്ഥാപനങ്ങൾ, യുവജന സംഘടനകൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe