അച്ഛന്റെ നീതിക്കായുള്ള നിലവിളി മുഖ്യമന്ത്രി കേട്ടു, സിദ്ധാര്‍ത്ഥൻ കേസ് അന്വേഷണം സിബിഐക്ക്

news image
Mar 9, 2024, 7:31 am GMT+0000 payyolionline.in

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം.സിദ്ധാർത്ഥന്റെ പിതാവ് മുഖ്യമന്ത്രിയെ കണ്ട് ഇന്ന് ആവശ്യമുന്നയിച്ചു. കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു. എസ് എഫ് ഐ വിദ്യാ‍ര്‍ത്ഥികളടക്കമാണ് കേസിൽ പ്രതികൾ. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസ് സിബിഐക്ക് വിട്ടത്. എന്നാൽ ചില പ്രതികളെ മനപ്പൂര്‍വം സംരക്ഷിക്കുന്നുവെന്ന ആരോപണമാണ് കുടുംബം ഉയ‍ര്‍ത്തുന്നത്. 

അതിനിടെ, സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ ആന്‍റി റാഗിംഗ് സ്ക്വാഡിന്‍റെ നിര്‍ണായകമായ റിപ്പോര്‍ട്ട് പുറത്തുവന്നു. സർവകലാശാലയിൽ നടന്നത് പരസ്യവിചാരണയെന്നാണ് അന്വേഷണ റിപ്പോർട്ടിലുളളത്. ക്രൂര പീഡനം ഏറ്റുവാങ്ങേണ്ടി വന്നു. 18 പേർ പലയിടങ്ങളിൽ വച്ച് സിദ്ധാർത്ഥനെ മർദ്ദിച്ചു. അടിവസ്ത്രം മാത്രം  ധരിപ്പിച്ച് സിദ്ധാർത്ഥനെ നടത്തിച്ചു. സർവകലാശാലയുടെ നടുത്തളത്തില്‍ വച്ചും സമീപത്തെ കുന്നിൻ മുകളിൽ വച്ചും മർദ്ദിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രതിയായ സിഞ്ചോ ജോൺ ആണ് സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചതെന്നും റിപ്പോര്‍ട്ടില്‍ മൊഴിയുണ്ട്. 97 പേരുടെ മൊഴിയെടുത്താണ് ആന്‍റി റാഗിംഗ് സ്ക്വാഡ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ടില്‍ സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ചുവെന്ന് പറയുന്ന പലരുടെയും പേര് പൊലീസിന്‍റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതെക്കുറിച്ച് സിദ്ധാര്‍ത്ഥിന്‍റെ അച്ഛൻ ജയപ്രകാശ് അടക്കം ആരോപണമുന്നയിച്ചിരുന്നു.

പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർഥന്റെ മരണത്തിൽ ഡിജിറ്റൽ തെളിവുകൾ തേടി പൊലീസ്.  പ്രതികളുടെ ഫോണുകൾ പൊലീസ് വിശദമായി പരിശോധിക്കാൻ നടപടി തുടങ്ങി.സിദ്ധാർത്ഥനെ മർദിക്കുന്ന ദൃശ്യം പ്രതികൾ ഫോണിൽ പകർത്തിയോ എന്നാണ് നോക്കുന്നത്. സിദ്ധാർഥൻ മരിച്ച ശേഷം പ്രതികൾ നടത്തിയ സന്ദേശക്കൈമാറ്റം സൈബർ സെല്ലിന്റെ സഹായത്തോടെ  ശേഖരിക്കാനാണ് ശ്രമം. പ്രതികൾ മായ്ച്ചു കളഞ്ഞത് വീണ്ട് എടുക്കേണ്ടതുണ്ട്. തൂങ്ങി മരണം കൊലപാതകമോ, ആത്മഹത്യയോ എന്ന് സംശയം വന്നാൽ സെല്ലോഫയിൻ ടേപ്പ്ടെ സ്റ്റിന്റെ സഹായത്തോടെ ദൂരീകരിക്കും. അതിനും പോലീസ് ക്രമീകരണം ഒരുക്കിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe