മലപ്പുറം: ജില്ലയിൽ അഞ്ചാംപനി (മീസിൽസ്) ബാധിച്ച് രണ്ട് കുഞ്ഞുങ്ങൾ മരിച്ച സാഹചര്യത്തിൽ കുത്തിവെപ്പ് നടപടികൾ ശക്തമാക്കാൻ ജില്ല ആരോഗ്യവകുപ്പ്. ആരോഗ്യമേഖലയിലെ പ്രധാന പ്രതിരോധ കുത്തിവെപ്പ് കാമ്പയിനായ ‘മിഷൻ ഇന്ദ്രധനുഷ് 5.0’ന് ആഗസ്റ്റ് ഏഴുമുതല്‍ ജില്ലയില്‍ തുടക്കമാകും. മുൻകാലങ്ങളിൽ ഭാഗികമായി കുത്തിവെപ്പ് എടുത്തവർക്കും ഇതുവരെയും എടുക്കാൻ കഴിയാത്തവർക്കും മൂന്ന് ഘട്ടങ്ങളിലായി പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കാനാകും. പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങളിൽനിന്ന് മുഴുവൻ കുട്ടികളെയും സംരക്ഷിക്കുകയെന്നതാണ് പദ്ധതി ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് ജില്ലയിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യമായി പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത്. ആദ്യഘട്ടം ആഗസ്റ്റ് ഏഴുമുതൽ 12 വരെയാണ്. രണ്ടാംഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബർ ഒമ്പതുമുതൽ 14 വരെയും നടക്കും.
തടയാം അഞ്ചാംപനിയെ
കുത്തിവെപ്പ് സ്വീകരിക്കുന്നതുവഴി തടയാവുന്ന മാരക രോഗങ്ങളിൽ ഒന്നാണ് അഞ്ചാം പനി. സാധാരണ കുട്ടികളിൽ ഗുരുതരമാവുന്ന ഈ രോഗം ഇപ്പോ മുതിർന്നവരിലും ധാരാളം കണ്ടുവരുന്നു. മുതിർന്നവരിൽ മരകമായേക്കാവുന്ന രോഗം മരണത്തിന് കാരണമാകാം. രോഗം പടരുന്നത് കൂടുതലും കുട്ടികളിലൂടെ ആയതിനാൽ പരമാവധി കുത്തിവെപ്പ് എടുക്കുക മാത്രമേ പരിഹാരമുള്ളൂ.
ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി, ബാലക്ഷയം, പോളിയോ, മിസിൽസ്, റുബെല്ല, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളിൽനിന്ന് മിഷൻ ഇന്ദ്രധനുഷ് സംരക്ഷണം നൽകും. കൂടാതെ, ഗർഭിണികൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തതോ ആയ അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ കുത്തിവെപ്പ് പൂർത്തീകരിക്കാൻ കഴിയുന്ന ആരോഗ്യ ബോധവത്കരണം നൽകുകയും ചെയ്യും.
വാക്സിനേഷൻ യജ്ഞത്തിലൂടെ എല്ലാ കുട്ടികൾക്കും പൂർണമായി പ്രതിരോധ കുത്തിവെപ്പുകൾ നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ഇത്തരം മാരക രോഗങ്ങൾക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അഭ്യർഥിച്ചു.