ടെഹ്റാൻ: ഹിസ്ബുല്ല, ഹമാസ് തലവന്മാരുടെ കൊലപാതകത്തിൽ പ്രതികാരം തീർക്കാൻ ഒക്ടോബർ ഒന്നിന് ഇറാൻ ഇസ്രയേലിന് നേരെ തൊടുത്തത് 200 ബാലിസ്റ്റിക് മിസൈലുകൾ. ഉചിതമായ സമയത്ത് ഇതിനുപകരം ചോദിച്ചിരിക്കുമെന്ന് ഇസ്രയേൽ മുന്നറിയിപ്പും നൽകിയതോടെ എങ്ങനെയാകും തിരിച്ചടിയെന്ന് കാത്തിരിക്കുകയായിരുന്നു മധ്യപൂർവദേശം. കാലാവസ്ഥ പ്രതികൂലമായിരുന്നതിനാൽ ഇസ്രയേലിന് പ്രതികാര നടപടികൾ അൽപം നീട്ടിവയ്ക്കേണ്ടിവന്നു എന്നുമാത്രം.
ഇറാന്റെ 200 ബാലിസ്റ്റിക് മിസൈലുകൾക്ക് മറുപടിയായി അഞ്ചാം തലമുറ എഫ്-35 അദിർ യുദ്ധവിമാനങ്ങളും, എഫ്-15ഐ റാം ഗ്രൗണ്ട് അറ്റാക്ക് ജെറ്റുകളും, എഫ്-16ഐ സുഫ വ്യോമ പ്രതിരോധ ജെറ്റുകളുമാണ് ഇസ്രയേൽ അണിനിരത്തിയത്. ‘റാംപേജ്’ എന്ന ദീർഘദൂര, സൂപ്പർസോണിക് മിസൈലും ‘റോക്‌സ്’ എന്ന വ്യോമാക്രമണ മിസൈലുമായിരുന്നു ആയുധങ്ങൾ. യുദ്ധോപകരണങ്ങളിൽ മാത്രമായിരുന്നില്ല ശ്രദ്ധ, കൃത്യമായ പദ്ധതിയോടെ മൂന്നു ഘട്ടങ്ങളിലായി അത് നടപ്പാക്കുകയും ചെയ്തു. സൈനിക ലക്ഷ്യങ്ങളിൽ മാത്രമായിരുന്നു ഇസ്രയേൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. സംഘർഷം രൂക്ഷമാകാതിരിക്കുന്നതിനായി ആണവ കേന്ദ്രങ്ങളെയും എണ്ണ സംഭരണികളെയും ഒഴിവാക്കി.
ഇറാന്റെ 20 ഡ്രോൺ, മിസൈൽ കേന്ദ്രങ്ങളിലാണ് 100 യുദ്ധ വിമാനങ്ങൾ മൂന്നുഘട്ടങ്ങളായി ആക്രമണം നടത്തിയത്. ആദ്യഘട്ട ആക്രമണം ഇറാന്റെ റഡാർ, വ്യോമ പ്രതിരോധ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചായിരുന്നു. അടുത്ത വ്യോമാക്രമണങ്ങൾ നടത്താനുള്ള മാർഗം എളുപ്പമാക്കുകയായിരുന്നു ആദ്യ ആക്രമണത്തിലൂടെ. ഇറാന്റെ മിസൈൽ, ഡ്രോൺ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു രണ്ടാമത്തെയും മൂന്നാമത്തെയും ആക്രമണങ്ങൾ.
20 മുതൽ മുപ്പതുവരെ വിമാനങ്ങൾ അടങ്ങുന്ന സംഘമായി തിരിഞ്ഞായിരുന്നു ആക്രമണം. സംഘത്തിൽ പത്തു വിമാനങ്ങൾ ആക്രമണങ്ങൾ നടത്തിയപ്പോൾ, മറ്റുള്ളവയുടെ ദൗത്യം സുരക്ഷ ഉറപ്പാക്കുകയും ദിശ ക്രമീകരിക്കുകയുമായിരുന്നു. തിരിച്ചുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ അതീവ ജാഗ്രതയിലായിരുന്നു ഇസ്രയേൽ, യുഎസ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ. ഇസ്രയേൽ ആക്രമണത്തെ വിജയകരമായി നേരിട്ടുവെന്നും പരിമിതമായ നാശനഷ്ടങ്ങൾ മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നുമാണ് ഇറാന്റെ അവകാശവാദം.