തിരുവനന്തപുരം: വിതുരയിൽ വൃദ്ധയെ പീഡിപ്പിച്ച സംഭവത്തിൽ ആര്യനാട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആര്യനാട് പറണ്ടോട് സ്വദേശിയും മത്സ്യക്കച്ചവടക്കാരനുമായ നജീം (26) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക് പൊട്ടിച്ചെടുത്ത് കാലിലും കഴുത്തിലും കെട്ടി വലിച്ചുമുറുക്കിയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. പോലീസുകാർ ഇതു കണ്ടതിനാൽ വേഗം ഇലാസ്റ്റിക് മുറിച്ച് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
മദ്യലഹരിയിൽ 69 കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലാണ് പറണ്ടോടു സ്വദേശിയായ പ്രതി നജീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മലയടി ഉന്നതിയിൽ താമസിക്കുന്ന വയോധികയാണ് പീഡനത്തിനിരയായത്.
ബുധനാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. മത്സ്യക്കച്ചവടത്തിനുശേഷം ഇവരുടെ വീടിനടുത്താണ് ഇയാൾ സ്ഥിരമായി വാഹനം നിർത്തിയിടുന്നത്. പതിവുപോലെ ബുധനാഴ്ചയും ഇവിടെ എത്തിയപ്പോൾ വയോധികയെ ഒറ്റയ്ക്കു കാണുകയും വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയുമായിരുന്നു. പുറത്തുപോയിരുന്ന വയോധികയുടെ ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ നജീം ഉപദ്രവിക്കുന്നതു കണ്ടത്. തുടർന്ന് ഇയാളെ തടഞ്ഞുവെച്ച് ബഹളംകൂട്ടി നാട്ടുകാരെ വിളിച്ചുവരുത്തി നജീമിനെ ആര്യനാട് പോലീസിനു കൈമാറുകയായിരുന്നു. അതിക്രമത്തിന് ഇരയായ വയോധിക മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കാട്ടാക്കട ഡി.വൈ.എസ്.പി റാഫി സ്റ്റേഷനിലെത്തി നജീമിനെ ചോദ്യം ചെയ്തു. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.