അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
അതേസമയം, അടുത്ത 10 ദിവസം എന്ത് സാഹചര്യത്തിലും മഴ പ്രതീക്ഷിക്കണമെന്ന് മന്ത്രി കെ രാജൻ മുന്നറിയിപ്പ് നൽകി. അലർട്ട് മാത്രമായി കാണാതെ പൊതുവായ ജാഗ്രത നിർദ്ദേശം പാലിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചരണം നടത്തരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് കാലവർഷം ഇത്തവണ നേരത്തേ എത്തിയിരിക്കുകയാണ്. നേരത്തെ പ്രവചിച്ചതിൽ നിന്നും 8 ദിവസം മുൻപാണ് കാലവർഷമെത്തിയതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 14 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഇത്ര നേരത്തെ കേരളത്തിൽ കാലവർഷം എത്തുന്നത്. ന്യൂനമര്‍ദമാണ് മണ്‍സൂണ്‍ കാറ്റിന്റെ വേഗം കൂട്ടിയത്. ഇതിന് മുൻപ് 2009 ലാണ് മെയ് 23ന് കാലവർഷം കേരളം തൊടുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കാലവർഷത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള മഴയും സംസ്ഥാന വ്യാപകമായി ലഭിച്ചിരുന്നു.