അടൂരില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 104 വർഷം കഠിനതടവും 4.2 ലക്ഷം പിഴയും

news image
Oct 16, 2023, 11:02 am GMT+0000 payyolionline.in

അടൂർ: എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 104 വർഷം കഠിനതടവും 4.2 ലക്ഷം പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പത്തനാപുരം പുന്നല വില്ലേജിൽ കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദിനെയാണ് ജഡ്ജി എ. സമീർ ശിക്ഷിച്ചത്. പിഴ അതിജീവിതക്ക് നൽകണം. പിഴ അടക്കാത്തപക്ഷം 26 മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം.

കേസിലെ ഒന്നാം പ്രതിയാണ് വിനോദ്. രണ്ടാം പ്രതി രാജമ്മയെ താക്കീതു നൽകി കോടതി വിട്ടയച്ചു. 2020 -2021 കാലയളവിൽ പല ദിവസങ്ങളിലായി പ്രതി എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. അതിജീവിതയുടെ സഹോദരിയായ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഈ പ്രതിയെ ഇതേ കോടതി 100 വർഷം കഠിനതടവിനും നാല് ലക്ഷം രൂപ പിഴ അടക്കാനും ഈ മാസം 11ന് വിധിച്ചിരുന്നു.

2021ൽ അടൂർ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ടി.ഡി. പ്രജീഷാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിത ജോൺ പി. ഹാജരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe