തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് ചെയർമാനായി അഡ്വ. എം കെ സക്കീറിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന ബോർഡ് യോഗം ഏകകണ്‌ഠമായാണ് ചെയർമാനെ തെരഞ്ഞെടുത്തത്.റിട്ടേണിങ് ഓഫീസർ ടി എ ജയപാൽ, ബോർഡ് അംഗങ്ങളായ പി വി അബ്ദുൾ വഹാബ് എംപി, എം നൗഷാദ് എംഎൽഎ, പി ഉബൈദുള്ള എംഎൽഎ, അഡ്വ. എം ഷറഫുദ്ദീൻ, എം സി മായിൻഹാജി, അഡ്വ. പി വി സൈനുദ്ദീൻ, പ്രൊഫ. കെ എം അബ്ദുൽ റഹീം, റസിയ ഇബ്രാഹിം, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വി എസ് സക്കീർ ഹുസൈൻ, സി എം അബ്ദുൽ ജബ്ബാർ, അഡ്മിനിസ്ട്രേറ്റീവ് കം അക്കൗണ്ട്സ് ഓഫീസർ എ ഹബീബ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
എം കെ സക്കീറിനെ മന്ത്രി വി അബ്ദുറഹിമാൻ, ന്യൂനപക്ഷ കമീഷൻ ചെയർമാൻ എ എ റഷീദ് എന്നിവർ അനുമോദിച്ചു. മലപ്പുറം പൊന്നാനി സ്വദേശിയായ സക്കീർ പിഎസ്‌സി ചെയർമാൻ, തൃശൂരിൽ ഗവ. പ്ലീഡർ എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ഹൈക്കോടതിയിൽ അഭിഭാഷകനാണ്. ഭാര്യ: ലിസി. മക്കൾ: നിഖിത (സിവിൽ എൻജിനിയർ), അഡ്വ. അജിസ് (ഹൈക്കോടതി), മരുമകൻ: ഷാബിൽ (എൻജിനിയർ)
അന്യാധീനപ്പെട്ട സ്വത്തുക്കൾ തിരിച്ചുപിടിക്കും
വഖഫ് ബോർഡിന്റെ വസ്തുക്കൾ സംരക്ഷിക്കാനും അന്യാധീനപ്പെട്ടവ തിരിച്ചുപിടിക്കാനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ. ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോർഡിന്റെ പ്രവർത്തനങ്ങൾ നല്ല നിലയ്‌ക്ക് മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമമുണ്ടാകും. അത് ശ്രദ്ധാപൂർവം നിർവഹിക്കും. നിരവധി വ്യക്തികളും സ്ഥാപനങ്ങളും ഗ്രാന്റിനായി അപേക്ഷ നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്കുള്ള ധനസഹായവും ഉറപ്പാക്കും. നിരവധി സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യാനുണ്ട്. രജിസ്ട്രേഷൻ വകുപ്പുമായി ചേർന്ന് ഇവയെക്കൂടി രജിസ്റ്റർ ചെയ്യിക്കാൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.