ചെനെെ: അണ്ണാ സർവകലശാലയിൽ വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായ സംഭവം അന്വേഷിക്കാനായി ദേശീയ വനിതാ കമീഷൻ നിയോഗിച്ച രണ്ടംഗ വസ്തുതാന്വേഷണ സംഘം ചെനെെ സർവകലാശാലയിലെത്തി. സംഭവത്തിൻരെ ഗൗരവം കണക്കിലെടുത്ത് കഴിഞ്ഞ ദിവസമായിരുന്നു കമീഷൻ സമിതിക്ക് രൂപം നൽകിയത്. റിട്ട. ഐ.പി.എസ് ഓഫീസറും മഹാരാഷ്ട്ര മുൻ ഡി.ജി.പിയുമായ പ്രവീൺ ദീക്ഷിത്, മംമ്ത കുമാരി എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷണ സംഘത്തിലുളളത്.
കമ്മിറ്റി കേസ് അന്വേഷിക്കുകയും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പരിശോധിക്കുകയും അധികാരികൾ സ്വീകരിച്ച നടപടികൾ വിലയിരുത്തുകയും ചെയ്യും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, പെൺകുട്ടി, കുടുംബം, സുഹൃത്തുക്കൾ, വിവിധ എൻ.ജി.ഒകൾ എന്നിവരുമായി സംവദിക്കുകയും വസ്തുതകൾ കണ്ടെത്തുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ നിർദ്ദേശിക്കുകയും ചെയ്യുമെന്ന് വനിതാ കമീഷൻ പറഞ്ഞു.
ഡിസംബർ 23ന് രാത്രിയാണ് വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായത്. രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. കേസിൽ സർവകലാശാലക്ക് സമീപം ബിരിയാണി വിൽക്കുന്ന ജ്ഞാനശേഖരൻ പിടിയിലായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു. ക്യാമ്പസിലെത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ബിരിയാണി കച്ചവടക്കാരൻ പിടിയിലായത്.