തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. സൈബർ പൊലീസാണ് തിരുവനന്തപുരത്തെ വീട്ടിൽ പരിശോധന നടത്തിയത്. രാഹുലിന്റെ ലാപ്ടോപ് പിടിച്ചെടുത്തിട്ടുണ്ട്.
അതിജീവിതയുടെ പരാതിയിൽ ഇന്നലെ രാത്രിയാണ് രാഹുൽ ഈശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് രാഹുലിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. വിഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ച ലാപ്ടോപ് അടക്കമുള്ള ഉപകരണങ്ങൾ കണ്ടെത്താനായിരുന്നു പരിശോധന.
അതേസമയം, ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത രാഹുലിനെ അൽപസമയത്തിനകം കോടതിയിൽ ഹാജരാക്കും. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി ഇനിയും പ്രതികരിക്കുമെന്ന് രാഹുൽ പ്രതികരിച്ചു.
എന്നാൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്ന ആരോപണം രാഹുൽ നിഷേധിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനായി ഇനിയും പ്രതികരിക്കുമെന്നും രാഹുൽ പറഞ്ഞു.
അതിനിടെ കേസിൽ പ്രതി ചേർക്കപ്പെട്ട കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ തനിക്കെതിരെ കേസെടുത്താൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സന്ദീപ് പ്രതികരിച്ചിരുന്നുതനിക്ക് എതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു.
അതേസമയം, അതിജീവിതയെ അപമാനിച്ചെന്ന കേസിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. പരാതിക്കാരിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന കേസിലാണ് പ്രത്യേക അന്വേഷണ സംഘം സന്ദീപിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്ദീപ് വാര്യർക്ക് എസ്.ഐ.ടി നിർദേശം നൽകുമെന്നാണ് വിവരം. പാലക്കാട് തുടരുന്ന അന്വേഷണ സംഘമായിരിക്കും സന്ദീപിനെ ചോദ്യം ചെയ്യുക.
അതിജീവിതയുടെ വിവരങ്ങൾ മനപൂർവ്വം എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നും ഒരു വർഷം മുൻപ് പങ്കെടുത്ത കല്യാണത്തിന്റെ ഫോട്ടോ അന്ന് ഫേസ്ബുക്കിൽ പങ്ക് വെച്ചത് പലരും ദുരുപയോഗം ചെയ്യുകയായിരുന്നു എന്നുമാണ് സന്ദീപിന്റെ വാദം. അത് പലരും ദുരുപയോഗം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടതോടെ ഫോട്ടോ ഡിലീറ്റ് ചെയ്തു. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.
